കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് മൂന്നുപേര്‍ ട്രാക്കിലേക്ക് വീണ് മരിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്കും. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയ്ഡ സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ കുറിപ്പുകളിലെയും മൊബൈല്‍ ഫോണിലെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിലെ ഒരു വിഭാഗം നോയ്ഡയിലേക്കു പോയിട്ടുണ്ട്.
എസ്‌ഐയും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും ഉള്‍പ്പെടുന്ന സംഘമാണ് പോയത്. ലഭ്യമായ സൂചനകള്‍ പ്രകാരം നോയ്ഡ സ്വദേശി ഷഹറൂഖ് സെയ്ഫിയുടേതാണ് ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍. മാത്രമല്ല ബാഗിലെ കുറിപ്പില്‍ നോയ്ഡയിലെ വിലാസവുമുണ്ട്. അന്വേഷണത്തിന് യുപി പൊലീസിന്റെയടക്കം സഹകരണവും തേടിയിട്ടുണ്ട്.
പ്രതിയെന്നു സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലെന്ന് കാട്ടി ഇദ്ദേഹത്തിന്റെ പിതാവ് ലോക്കല്‍ സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കിയിട്ടുമുണ്ട്. ട്രെയിനില്‍ തീയിട്ടത് ഇയാളാണെന്ന് സംശയങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി.
അതേസമയം തീപിടിത്തത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞ് അടക്കം മൂന്ന് പേരുടെ മരണത്തില്‍ അവ്യക്തത തുടരുകയാണ്. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്. രണ്ട് വയസുകാരി സെഹ്റ ബത്തൂലിന്റെ മൃതദേഹം തീവയ്പ്പ് നടന്ന ട്രെയിന്‍ കടന്നുപോയ അതേ പാതയിലാണെന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. സംഭവ സമയം ട്രയിനില്‍ നിന്ന് ചാടിയതായി യാത്രക്കാര്‍ പറയുന്ന കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്തുവന്നു എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
ട്രെയിനില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ട്രാക്കിലെ ക്രോസിംഗില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്ക്ക് വീണത് കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോയ ട്രെയിനിന്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു. നൗഫീഖ്, റഹ്മത്ത് എന്നിവരുടെ തലയില്‍ എതിര്‍വശത്തെ പാളത്തില്‍ ഇടിച്ച് രക്തം വാര്‍ന്നതിന്റെ പാടുകളുണ്ട്. കാലിനേറ്റ വലിയ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് പോയതാണ് സെഹ്റയുടെ മരണകാരണമെന്നാണ് സൂചന.
ട്രെയിനില്‍ ആക്രമണം നടത്തിയതിനുശേഷം കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്രതി മൂന്നുപേരെയും പുറത്തേയ്ക്ക് തള്ളിയിട്ടതാണോയെന്ന സംശയം പൊലീസിനുണ്ട്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. ഇത്രയും സമയത്തിനിടെ റെയില്‍വേ ജീവനക്കാര്‍പോലും മൃതദേഹങ്ങള്‍ കാണാത്തതും സംശയം വര്‍ധിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.