ബലാത്സംഗത്തിനിരയായ യുവതിയുടെ ചൊവ്വാദോഷം പരിശോധിക്കാന്‍ ഹൈക്കോടതി; എന്ത് പ്രസക്തിയെന്ന് സുപ്രീം കോടതി, ഉത്തരവിന് സ്റ്റേ

ബലാത്സംഗത്തിനിരയായ യുവതിയുടെ ചൊവ്വാദോഷം പരിശോധിക്കാന്‍ ഹൈക്കോടതി; എന്ത് പ്രസക്തിയെന്ന് സുപ്രീം കോടതി, ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാ ദോഷം ഉള്ളയാളാണോയെന്ന് പരിശോധിക്കുന്നതിനായുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. വിദേശത്തുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകുന്നേരം മൂന്നിന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

സുപ്രീം കോടതി വേനലവധിയിലാണ്. മാത്രമല്ല ശനിയും ഞായറും വാദം ഉണ്ടാകാറില്ലെന്നിരിക്കെയാണ് പ്രത്യേക ബെഞ്ച് കൂടിയത്. ജസ്റ്റിസ് സുധാന്‍ഷു ദുലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയതായിരുന്നു പ്രത്യേക ബെഞ്ച്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ജയിലിലായ അലഹബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് യുവതിയ്ക്ക് ചൊവ്വാദോഷമുണ്ടെന്നും അതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്നും വ്യക്തമാക്കിയത്. ഇത് സത്യമാണോയെന്ന് പരിശോധിക്കുന്നതിനായി മേയ് 23ന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ ആഴ്ച തന്നെ സീല്‍ ചെയ്ത കവറില്‍ യുവതിയുടെ ചൊവ്വാദോഷം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉത്തരവ്.

കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇതുകണ്ടുവോയെന്ന് സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. കണ്ടുവെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ദയവായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു മേത്തയുടെ മറുപടി.

എന്നാല്‍ ഇരുകക്ഷികളുടെയും സമ്മതത്തോടെയാണ് ഹൈക്കോടതി ഉത്തരവ് പാസാക്കിയതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചൊവ്വാദോഷം പരിശോധിക്കുന്നത് കേസിന്റെ സന്ദര്‍ഭത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 'വിഷയവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടു'വെന്നും സുപ്രീം കോടതി ചൂട്ടിക്കാട്ടി. ജൂലൈയില്‍ വീണ്ടും കേസിന്റെ വാദം കേള്‍ക്കും.

ലക്നൗ സര്‍വകലാശാലയിലെ ജ്യോതിഷ ശാസ്ത്രവിഭാഗം മേധാവിയോടാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാദോഷം പരിശോധിക്കാന്‍ നിര്‍ദേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.