ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ മതപരിവര്‍ത്തനത്തിനും ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിക്കാനും വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രിസ്ത്യന്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി. 40 വയസുകാരിയായ ഷാസിയ ഇമ്രാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ ക്രിസ്ത്യന്‍ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം യുവാവായ മണി ഗുജ്ജറിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നാലു പേര്‍ ചേര്‍ന്ന് ഷാസിയയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കഴുത്ത് മുറിക്കുകയും തുടര്‍ന്ന് മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.
പതിനാറും ഏഴും ആറും വയസുള്ള മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട ഷാസിയ ഇമ്രാന്‍. ലാഹോര്‍ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയന്‍സസിലെ ഡേ കെയര്‍ സെന്ററിലാണ് ഷാസിയ ജോലി ചെയ്തിരുന്നത്. ജൂണ്‍ ആറിന് ജോലി കഴിഞ്ഞ് ഷാസിയ മടങ്ങിയെത്തിയില്ല. ഇതേ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്ന് പ്രാദേശിക ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അംഗം സഫര്‍ മസിഹ് പറഞ്ഞു.
ഗുജ്ജര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ഷാസിയ മുന്‍പ് സഹോദര ഭാര്യയോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നാലു പ്രതികളില്‍ ഒരാളെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സഹോദരനും രണ്ട് ബന്ധുക്കളും ഇപ്പോഴും ഒളിവിലാണ്.
ഷാസിയ ഇമ്രാന്റെ ഭര്‍ത്താവും ഒന്നര വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് ഇത് അപകട മരണമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമ്മയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏഴും ആറും വയസുള്ള കുട്ടികള്‍. പ്രായമായ മുത്തശ്ശിയാണ് അവരെ പരിചരിക്കുന്നതെന്ന് സഫര്‍ മസിഹ് പറഞ്ഞു.
പാകിസ്ഥാനില്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളെ ബലമായി മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിസമ്മതിക്കുന്നവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങളും അരങ്ങേറുന്നു.
ന്യൂനപക്ഷമായ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ജനസംഖ്യയുടെ 1.3 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
യുവതിയുടെ കൊലപാതകം രാജ്യത്തെ കത്തോലിക്കാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ഭയം വിതച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭവത്തില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
സംഭവത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നതായും വോയ്സ് ഓഫ് ജസ്റ്റിസ് പ്രസിഡന്റ് ജോസഫ് ജാന്‍സന്‍ പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളും സ്ത്രീകളും മതപരിവര്‍ത്തനത്തിനു വിസമ്മതിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിനും പീഡനത്തിനും ആക്രമണത്തിനും വിധേയരാകുന്നത് വളരെ അസ്വസ്ഥജനകവും ഭയപ്പെടുത്തുന്നതുമായ കാര്യമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.