'ഇന്ന് ഇന്ത്യയുടെ ആത്മാവ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു'; മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന കത്തുമായി ബിഷപ്പ് പ്രിന്‍സ് ആന്റണി

'ഇന്ന് ഇന്ത്യയുടെ ആത്മാവ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു'; മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന കത്തുമായി ബിഷപ്പ് പ്രിന്‍സ് ആന്റണി

ഹൈദരാബാദ്: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനും തുറന്ന കത്തുമായി അദിലാബാദ് കത്തോലിക്കാ രൂപത ബിഷപ്പ് പ്രിന്‍സ് ആന്റണി. ഇന്ന് ഇന്ത്യയുടെ ആത്മാവ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അമ്മയെ ദൈവത്തെപ്പോലെ ബഹുമാനിക്കേണ്ട പുണ്യഭൂമിയില്‍ നിസഹായരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ജനക്കൂട്ടം വളയുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത് നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു കുറ്റകൃത്യത്തിന്റെ പരസ്യ പ്രകടനം മേഖലയില്‍ നിലനില്‍ക്കുന്ന നിയമ ലംഘനത്തിന്റെ പാരമ്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

രണ്ട് മാസത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് മെയ് നാലിന് രണ്ട് സ്ത്രീകള്‍ക്ക് നേരെ നടത്തിയ ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്മയെ ദൈവത്തെപ്പോലെ ബഹുമാനിക്കേണ്ട ഈ പുണ്യഭൂമിയില്‍ നിസഹായരായ രണ്ട് സ്ത്രീകളെ നഗ്‌നരായി ഒരു പൈശാചിക ജനക്കൂട്ടം വളയുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നു.

സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ഈ ഭീകരമായ കുറ്റകൃത്യം നടത്തിയവരെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല എന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പൊതുസ്ഥലത്ത് നടത്തിയ നികൃഷ്ടമായ കുറ്റകൃത്യവും അതിന്റെ വീഡിയോ ചിത്രീകരണവും രാജ്യത്തെ ജനാധിപത്യത്തിനും ക്രമസമാധാനത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ബിഷപ്പ് പ്രിന്‍സ് ആന്റണി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കുറ്റവാളികളുടെ ഭയാനകമായ നിലവിളിയും ചിരിയും ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുന്നതാണ്. രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍, വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തമുള്ള പൗരന്മാരും ഇതിനെതിരെ അപലപിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉടനടി കര്‍ശനമായ നടപടികളില്ലാത്തത് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ഇന്ധനം പകരുന്നതിന് തുല്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായും ബിഷപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നീണ്ടുനില്‍ക്കുന്ന അക്രമങ്ങളില്‍ മതപരമായ ഘടകങ്ങള്‍ക്കൊന്നും പങ്കില്ലെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ മികച്ച വിശദീകരണങ്ങള്‍ പോലും പരാജയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് എല്ലാ അര്‍ത്ഥത്തിലും മതപരമായ പീഡനമാണ്. ക്രിസ്ത്യാനികള്‍ കൂടുതല്‍ കൊല്ലപ്പെടുകയും കുടിയിറക്കപ്പെടുകയും പള്ളികള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഈ അക്രമങ്ങളെല്ലാം ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്നതിന് വ്യക്തമായ തെളിവാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വംശീയ സംഘട്ടനങ്ങളുടെ ഫലമായി ഇപ്പോഴത്തെ അക്രമത്തെ വിവരിക്കാനുള്ള ദുരുദ്ദേശ്യത്തോടെയുള്ള ശ്രമങ്ങള്‍ പീഡകര്‍ക്ക് ലജ്ജയില്ലാതെ അക്രമം തുടരാനുള്ള സാഹചര്യം വീണ്ടും ഒരുക്കിക്കൊടുക്കുന്നു. എല്ലാത്തിനുമുപരിയായി വംശീയ സംഘട്ടനങ്ങളുടെ പേരില്‍ അക്രമം സഹിക്കാമോ എന്നതും വംശീയ സംഘട്ടനമായാലും തടയേണ്ടതല്ലേ എന്ന ചോദ്യവും ബാക്കിയാകുന്നു. മണിപ്പൂരില്‍ നിയമലംഘകര്‍ ക്രൂരത അഴിച്ചുവിടുമ്പോള്‍ പൊലീസ് മിണ്ടാപ്രാണികളുടെ വേഷം ചെയ്യുന്നത് പരിഹാസ്യമാണ്. ഏത് രൂപത്തിലായാലും അക്രമം അവസാനിപ്പിക്കണം. ജാതിയുടെയോ ഗോത്രത്തിന്റെയോ മതത്തിന്റെയോ പേരില്‍ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥ ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും ഗുരുതരമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മതത്തിന്റെ പേരില്‍ ഏതൊരു വിഭാഗത്തിനും നേരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും മറ്റേതൊരു പൗരനെയും പോലെ സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമുണ്ട്. ക്രിസ്ത്യാനിയാകുന്നത് രാജ്യസ്‌നേഹത്തെ ഒരു തരത്തിലും കുറയ്ക്കുന്നില്ല. ക്രിസ്തീയ വിശ്വാസം മാതൃ രാജ്യത്തോടുള്ള വിശ്വസ്തതയേയും അതിന്റെ നേതാക്കളോടുള്ള ബഹുമാനത്തെയും പ്രേരിപ്പിക്കുന്നു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം മതങ്ങള്‍ ആചരിച്ച് വിദേശ രാജ്യങ്ങളില്‍ സമാധാനപരമായി ജീവിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ മതം ആചരിച്ച് അവരുടെ മാതൃരാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്തതെന്നും ബിഷപ്പ് പ്രിന്‍സ് ചോദിക്കുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രിസ്ത്യന്‍ പീഡനങ്ങളെയും കുറിച്ച് മാധ്യമങ്ങളും ദേശീയ-സംസ്ഥാന നേതാക്കളും വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ എന്നത് ശരിക്കും ഹൃദയഭേദകമാണ്. ഒരു നിയമപരമായ മാക്‌സിം പ്രസ്താവിക്കുന്നതുപോലെ, 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നു'. മണിപ്പൂരില്‍ മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാ പരമായ അവകാശങ്ങളുടെയും പൂര്‍ണമായ ലംഘനത്തിന് മുന്നില്‍ ബന്ധപ്പെട്ട അധികാരികളുടെ വിശദീകരിക്കാനാകാത്ത നിശബ്ദത നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്നു. നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി രാഷ്ട്രീയ നേട്ടങ്ങള്‍ നേടാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

മണിപ്പൂരിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നു. അവിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ ചെയ്ത തെറ്റ് എന്താണ്? കുടിയിറക്കപ്പെട്ടവര്‍ ചെയ്ത തെറ്റ് എന്താണ്? ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത നിസഹായരായ സ്ത്രീകള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ നീതിക്കുവേണ്ടി നിലവിളിക്കുന്നു. അവരുടെ നിലവിളി രാജ്യത്തുടനീളം അലയടിക്കുകയാണ്. ഒരു വിശ്വസ്ത ക്രിസ്ത്യാനിയും അഭിമാനിയായ ഒരു ഇന്ത്യന്‍ പൗരനും എന്ന നിലയില്‍, മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രിസ്ത്യന്‍ പീഡനങ്ങളെയും താന്‍ ശക്തമായി അപലപിക്കുകയും, അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി ബിഷപ്പ് പ്രിന്‍സ് ആന്റണി കത്തില്‍ വ്യക്തമാക്കുന്നു.

ആമോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 24-ാം വാക്യത്തില്‍ പറയുന്നതു പോലെ ' ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ' എന്ന് വ്യക്തമാക്കി, മണിപ്പൂരിലെ അക്രമങ്ങള്‍ അചഞ്ചലമായ വിശ്വസ്തതയോടു കൂടി അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.