മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു; വീഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുത്തു

മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട്ടു; വീഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐ അന്വേഷിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും തീരുമാനിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.

മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തിലാണ് ഗോത്രവര്‍ഗക്കാരായ രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്‌നരാക്കി നടത്തിയത്. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കന്‍ഡ് നീളമുള്ള വീഡിയോ ഈ മാസം 19 നാണ് പുറത്തു വന്നത്.


സംഭവത്തില്‍ കഴിഞ്ഞ മാസം 21 ന് കാംഗ്പോപി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമത്തിനിരയായ യുവതികളില്‍ ഒരാളുടെ സഹോദരനെ അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ്.

അതിനിടെ മണിപ്പുരില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചുരാചന്ദ്പുരിലുണ്ടായ ആക്രമണത്തില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതേസമയം മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മെയ്‌തേയി-കുക്കി വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയുടെ നേതൃത്വത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

പ്രത്യേക ഭരണ സംവിധാനം വേണമെന്ന കുക്കി സംഘടനകളുടെ ആവശ്യത്തില്‍ ചര്‍ച്ചയില്ലെന്നും സമാധാനം പുനസ്ഥാപിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.