പുതുപ്പളളിയിലെ 'പുതുപ്പുള്ളി' ചാണ്ടി ഉമ്മനെന്ന് എക്സിറ്റ് പോള്‍; ജെയ്ക്കിനേക്കാള്‍ 14 ശതമാനം കൂടുതല്‍ വോട്ട് നേടുമെന്ന് സര്‍വ്വേ ഫലം

പുതുപ്പളളിയിലെ 'പുതുപ്പുള്ളി' ചാണ്ടി ഉമ്മനെന്ന് എക്സിറ്റ് പോള്‍; ജെയ്ക്കിനേക്കാള്‍ 14 ശതമാനം കൂടുതല്‍ വോട്ട് നേടുമെന്ന് സര്‍വ്വേ ഫലം

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ നടത്തിയ സര്‍വ്വേ പ്രവചിക്കുന്നത്.

യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാനവും മറ്റുള്ളവര്‍ മൂന്ന് ശതമാനവും വോട്ട് നേടുമെന്നാണ് സര്‍വേ ഫലം.

ഉപതിരഞ്ഞെടുപ്പില്‍ 74.86 ശതമാനമാണ് പോളിങ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ വോട്ട് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തില്‍ താഴെ കുറവാണിത്. 2021 ല്‍ പോളിങ് 75.35 ശതമാനമായിരുന്നു. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര്‍ വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര്‍ വോട്ട് ചെയ്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍, ജെയ്ക്ക് സി തോമസ് എന്നിവരെ കൂടാതെ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആം ആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും.

തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ് വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.

ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.

ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.

ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.

80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയതിലൂടെ 2491 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകള്‍ അഞ്ചു മേശകളിലായാണ് എണ്ണുക. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ് ബാലറ്റുകള്‍ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും.

ഈ ആറ് മേശയിലും ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു ഡെസിഗ്‌നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആറ് ടേബിളുകളിലുമായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.

ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ് അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരില്‍ 64,078 പേരും 90,277 സ്ത്രീകളില്‍ 64,455 പേരും നാലു ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.