മാര്‍പാപ്പയെ ബോക്സിങ്ങിന് ക്ഷണിച്ച് ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റലോണ്‍; വൈറലായി വീഡിയോ

മാര്‍പാപ്പയെ ബോക്സിങ്ങിന് ക്ഷണിച്ച് ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റലോണ്‍; വൈറലായി വീഡിയോ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് ഹോളിവുഡ് നടനും സംവിധായകനുമായ സില്‍വസ്റ്റര്‍ സ്റ്റലോണും കുടുംബവും. സെപ്റ്റംബര്‍ എട്ടിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. വത്തിക്കാന്‍ ന്യൂസ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് നിമിഷങ്ങള്‍ക്കകം വൈറലായി.

ഭാര്യ ജെന്നിഫര്‍ ഫ്‌ളേവിനെയും മൂന്നു പെണ്‍മക്കളെയും സഹോദനും സംഗീതജ്ഞനുമായ ഫ്രാങ്ക് സ്റ്റലോണിനെയും മാര്‍പാപ്പയ്ക്ക് സ്റ്റലോണ്‍ പരിചയപ്പെടുത്തി. തിരക്കേറിയ ദിവസത്തില്‍ നിന്നും കുറച്ചുസമയം തങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചതിന് മാര്‍പാപ്പയോട് സില്‍വസ്റ്റര്‍ സ്റ്റലോണ്‍ നന്ദി പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ സിനിമ കണ്ടാണ് വളര്‍ന്നത് എന്നാണ് മാര്‍പാപ്പ ഇതിനോട് പ്രതികരിച്ചത്. ഉടനെ 77 കാരനായ സ്റ്റലോണ്‍ തന്നെ ലോകപ്രശസ്തനാക്കിയ റോക്കി എന്ന കഥാപാത്രത്തിന്റേതു പോലെ മുഷ്ടി ചുരുട്ടി റെഡിയാണോ എന്ന് ചോദിച്ചു. ഉടന്‍ തന്നെ മാര്‍പാപ്പയും തമാശരൂപേണ മുഷ്ടി ചുരുട്ടുകയായിരുന്നു.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് സ്റ്റലോണ്‍. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റലോന്റെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ പുറത്തുവന്നത്.

റോക്കി സീരിസില്‍ 1976ല്‍ പുറത്തുവന്ന ആദ്യ ചിത്രത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നു. ആറ് ചിത്രങ്ങളാണ് റോക്കി സീരിസില്‍ സില്‍വര്‍ സ്റ്റാലോണിനെ നായകനാക്കി പുറത്ത് വന്നിട്ടുള്ളത്.

1990-കളുടെ അവസാനം മകളുടെ ജനനത്തോടനുബന്ധിച്ചുള്ള അനുഭവം തന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നുവെന്ന് സ്റ്റാലോണ്‍ 2007ല്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

'മകള്‍ രോഗിയായി ജനിച്ചപ്പോള്‍, എനിക്ക് സഹായം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി, അവന്റെ സര്‍വശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു'.

സ്റ്റലോണ്‍ കത്തോലിക്കനായി വളര്‍ന്നതെങ്കിലും ആദ്യകാലങ്ങളില്‍ പള്ളിയില്‍ പോകുന്നുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പള്ളിയില്‍ പോകാന്‍ തുടങ്ങിയത്. 'ഞാന്‍ ആയിരിക്കേണ്ടിടത്ത് എന്നെ എത്തിച്ചു' എന്നാണ് ഇതിനെക്കുറിച്ച് റാംബോ സംവിധായകന്‍ പറഞ്ഞത്. 'വിശ്വാസത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഞാന്‍ ലോകത്ത് തനിച്ചായിരുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.