ജെറുസലേം: വിശുദ്ധഭൂമിയുടെ ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്തവും മനോഹരവുമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ ഒരു 'റോഡ് ട്രിപ്പ്' എന്ന് ഡോക്യുമെന്ററിയെ വിശേഷിപ്പിക്കാമെങ്കിലും ക്രിസ്ത്യന്‍, ജൂത വീക്ഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
'റൂട്ട് 60: ദി ബിബ്ലിക്കല്‍ ഹൈവേ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി വിശുദ്ധഭൂമിയുടെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്നു. യാത്ര നയിക്കുന്ന രണ്ടു പേര്‍ ആരെന്നറിയുമ്പോള്‍ ഡോക്യുമെന്ററി കാണാനുള്ള ആകാംക്ഷ വര്‍ധിക്കും. മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇസ്രായേലിലെ മുന്‍ യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനും ചേര്‍ന്നാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. ഡേവിഡ് ഫ്രീഡ്മാന്‍ ജൂതനും മൈക്ക് പോംപിയോ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയുമാണ്. ഇരുവരും ട്രംപ് ഭരണകൂടത്തിലെ രണ്ട് ശക്തരായ അമേരിക്കന്‍ നയതന്ത്രജ്ഞരായിരുന്നു.
ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. പഴയനിയമത്തിലെ റൂത്ത് കരഞ്ഞ സ്ഥലവും, യാക്കോബ് സ്വപ്നം കണ്ട സ്ഥലവും അടക്കം വിവിധങ്ങളായ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഡോക്യുമെന്ററിയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തും.
ഇസ്രായേലിന് അനുകൂലമായി നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ട രണ്ടുപേരാണ് ഫ്രീഡ്മാനും പോംപിയോയും. എന്നാല്‍ ഡോക്യുമെന്ററിയില്‍ പുണ്യഭൂമിയെച്ചൊല്ലിയുള്ള ആധുനിക രാഷ്ട്രീയ തര്‍ക്കങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. മറിച്ച് ബൈബിളിന്റെ കാഴ്ച്ചപ്പാടിലാണ് ഡോക്യുമെന്ററി മുന്നോട്ടു പോകുന്നത്. ഫ്രീഡ്മാന്റെ വാക്കുകള്‍ ഇങ്ങനെ - 'ബൈബിള്‍ പഠിപ്പിച്ചാല്‍ മാത്രം പോരാ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുഭവവേദ്യമായതു പോലെ ഇപ്പോഴും അത് അനുഭവവേദ്യമാകണമെന്നതാണ് ഡോക്യുമെന്ററിയുടെ പിറവിക്ക് പിന്നിലെ ലക്ഷ്യം'. ജനങ്ങള്‍ക്ക് അവബോധം നല്‍കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പോംപിയോയും ഫ്രീഡ്മാനും ഒരുമിച്ച് ഒരു കറുത്ത എസ്യുവിയില്‍ യാത്ര ആരംഭിക്കുന്നു. ഇത് ഇസ്രയേലിലും പലസ്തീനിലൂടെയും കടന്നുപോകുന്നു. വേ ഓഫ് ദ പാത്രിയര്‍ക്‌സ് എന്നറിയപ്പെടുന്ന, യേശുവിന്റെ ജന്മനാടായ നസ്രത്തില്‍നിന്ന് ആരംഭിക്കുന്ന ഡോക്യുമെന്ററി ബേര്‍ഷബയിലാണ് അവസാനിക്കുന്നത്. പലസ്തീന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലൂടെയാണ് ഡോക്യുമെന്ററി കൂടുതലായും സഞ്ചരിക്കുന്നത്.
ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്, ടെക്‌സാസ് ആസ്ഥാനമായുള്ള ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് എന്ന ക്രൈസ്തവ മാധ്യമത്തിന്റെ അധ്യക്ഷനായ മാറ്റ് ക്രൗചാണ്. സെപ്റ്റംബര്‍ 18, 19 തീയതികളില്‍ 'റൂട്ട് 60: ദി ബിബ്ലിക്കല്‍ ഹൈവേ' അമേരിക്കയിലുടനീളം 1,000-ലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.