വരുമാനത്തില്‍ വന്‍ കുതിപ്പ്; കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

വരുമാനത്തില്‍ വന്‍ കുതിപ്പ്; കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍

കൊച്ചി: വരുമാനത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. 2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145% വര്‍ധനവുണ്ടായതായി മന്ത്രി പി. രാജീവ് അറിയിച്ചു.

പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലാഭം നേടാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയും സെല്‍ഫ് ടിക്കറ്റിങ് മെഷീനുകള്‍ സ്ഥാപിച്ചും യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ഡിസംബര്‍, ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ വരുമാനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാന്‍ പുതിയ കുതിപ്പ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതുക്കിയ ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.