ഗാസയിലെ അത്യാഹിതങ്ങള്‍ക്ക് ഹമാസാണ് ഉത്തരവാദികള്‍; സാധാരണക്കാര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും: നെതന്യാഹു

ഗാസയിലെ അത്യാഹിതങ്ങള്‍ക്ക് ഹമാസാണ് ഉത്തരവാദികള്‍; സാധാരണക്കാര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും: നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് തീവ്രവാദികളെ ലക്ഷ്യമിടുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ സാധരണക്കാരും ആക്രമിക്കപ്പെടുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാല്‍ വ്യത്യസ്തമായൊരു യുദ്ധമാണിത്. സാധാരണക്കാര്‍ക്ക് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍ ഹമാസ് പ്രവര്‍ത്തിക്കുന്നത് നേരെ മറിച്ചാണ്.

പാലസ്തീന്‍ ജനതയ്ക്ക് എന്ത് സംഭവിക്കുന്നുവെന്നും അവര്‍ക്ക് പ്രശ്നമല്ല. എല്ലാ ദിവസവും ഹമാസ് ഇരട്ട യുദ്ധക്കുറ്റം ആവര്‍ത്തിക്കുന്നു. അവരുടെ പൗരന്മാര്‍ക്ക് പിന്നിലൊളിച്ച് ഇസ്രയേലികളെ ആക്രമിക്കുന്നു. സാധാരണക്കാരെ അവര്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെതന്യാഹു.

ഹമാസ് ബന്ദികളാക്കിയ സ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാല്‍ നീതിബോധത്തോടെയും തകര്‍ക്കാന്‍ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്രയേല്‍ വിജയിക്കുമെന്നും നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഗാസയില്‍ സാധാരണക്കാര്‍ക്കുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഹമാസാണ് ഉത്തരവാദികള്‍. അതിന് അവരെക്കൊണ്ട് മറുപടി പറയിക്കണം. ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ലോകം മുഴുവന്‍ ശരിയാംവണ്ണം രോഷം പ്രകടിപ്പിച്ചു.

എന്നാല്‍ ഇതിന്റെ രോഷം ഇസ്രയേലിന് നേരെയല്ല തീവ്രവാദികള്‍ക്ക് നേരെയാണ് ഉണ്ടാവേണ്ടത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടി പ്രതിരോധിക്കുന്ന ഇസ്രയേലിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. നിഷ്‌കളങ്കരായ സാധാരണക്കാര്‍ കൂടുതല്‍ ദുരന്തം അനുഭവിക്കാതിരിക്കാന്‍ ഇസ്രയേലും മറ്റ് പങ്കാളികളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.