കത്തോലിക്ക പുരോഹിതരെ വേട്ടയാടി നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം; രണ്ടു ദിവസത്തിനിടെ അറസ്റ്റ് ചെയ്തത് നാലു വൈദികരെ

കത്തോലിക്ക പുരോഹിതരെ വേട്ടയാടി നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം; രണ്ടു ദിവസത്തിനിടെ അറസ്റ്റ് ചെയ്തത് നാലു വൈദികരെ

മനാഗ്വേ: ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിക്കരാഗ്വേയില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തത് നാല് വൈദികരെ. ഡിസംബര്‍ 28-29 തീയതികളിലായി അറസ്റ്റ് ചെയ്ത വൈദികര്‍ ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുകയാണ്. ജയിലില്‍ കഴിയുന്ന മതഗല്‍പ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന് വേണ്ടി വൈദികര്‍ പ്രാര്‍ത്ഥിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇതിനെതുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

മനാഗ്വേ അതിരൂപതയുടെ വികാരി ജനറല്‍ മോണ്‍. കാര്‍ലോസ് അവിലേസ്, എസ്‌ക്വിപുലസിലെ ഹോളി ക്രൈസ്റ്റ് ഇടവക വികാരി ഫാ. ഹെക്ടര്‍ ട്രെമിനിയോ, മതഗല്‍പ രൂപതയിലെ ഫാത്തിമാ മാതാ ഇടവക വികാരി ഫാ. ഫെര്‍ണാണ്ടോ കലേറോ എന്നിവരെയാണ് പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിക്കരാഗ്വേന്‍ മാധ്യമ പ്രവര്‍ത്തകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ മറ്റൊരു വൈദികനെ പോലീസ് അജ്ഞാത സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോയതായി അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ആറ് കത്തോലിക്കാ പുരോഹിതരെയാണ് നിക്കരാഗ്വയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 20 ന് സിയുന രൂപതയിലെ ബിഷപ്പ് ഇസിഡോറോ ഡെല്‍ കാര്‍മെന്‍ മോറ അറസ്റ്റിലായിരുന്നു.

ഇതുകൂടാതെ മനാഗ്വേ അതിരൂപതയിലെ നിന്ദിരിയിലെ വികാരി ഫാ. പാബ്ലോ വില്ലഫ്രാങ്കയെ ഡിസംബര്‍ 26-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം എവിടെയാണെന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. ഭരണകൂടത്തിന്റെ പീഡനം മൂലം അമേരിക്കയിലേക്ക് പലായനം ചെയ്ത് പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് സംഭവത്തെ അപലപിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള സ്വച്ഛാധിപത്യ ഭരണകൂടം വൈദികരെ അന്യായമായി തടങ്കലിലാക്കിയതില്‍ അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമമായ 'എക്‌സി'ല്‍ കുറിച്ചു.

സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹം കുറ്റം ആരോപിച്ച് 26 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗല്‍പ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് ഉള്‍പ്പെടെ നിരവധി നിരപരാധികളാണ് രാജ്യത്തു തടങ്കലില്‍ കഴിയുന്നത്. ജനാധിപത്യ വിരുദ്ധ നടപടികളും ഏകാധിപത്യവും മൂലം പൗരന്മാരുടെ ജീവിതം ദുസഹമായതിനെ തുടര്‍ന്നു കത്തോലിക്ക സഭ പ്രതിഷേധവുമായി രംഗത്തു വന്നതാണ് സ്വേച്ഛാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.