അജീഷിന് കണ്ണീരോടെ വിട; സംസ്‌കാരം നടത്തി

അജീഷിന് കണ്ണീരോടെ വിട; സംസ്‌കാരം നടത്തി

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സംസ്‌കാര ചടങ്ങുകള്‍ നടന്ന പടമല സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയാണ് അജീഷിനെ യാത്രയാക്കാന്‍ എത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി എട്ടരയോടെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിയിരുന്നു.

കൊയിലേരിയില്‍ നിന്ന് വിലാപ യാത്രയായാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അജീഷിന്റെ മൃതദേഹവുമായി ജനക്കൂട്ടം മാനന്തവാടി ഗാന്ധി പാര്‍ക്കിലും പിന്നീട് സബ് കളക്ടറുടെ കാര്യാലയ പരിസരത്തും പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം അറിയിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം മാനന്തവാടിയിലെ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപമായിട്ട് ഇടാനാണ് തീരുമാനം.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനായ പടമല പനച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.