ചരിത്രത്തില്‍ ആദ്യം; ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും: ബൈഡന്‍, മോഡി, സെലന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച

ചരിത്രത്തില്‍ ആദ്യം; ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും: ബൈഡന്‍, മോഡി, സെലന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച

റോം: ചരിത്രത്തില്‍ ആദ്യമായി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാര്‍പാപ്പയാകാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പ. ജി7 നേതാക്കളുടെ ചര്‍ച്ചയില്‍ നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്. ഹോളി സീ പ്രസ് ഓഫീസും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറ്റലിയിലെ ബോര്‍ഗോ എഗ്‌നാസിയയിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുന്നത്.

ജി7 ചര്‍ച്ചയില്‍ ആദ്യമായി ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നത്. സാധാരണ ഇത്തരം വേദികളില്‍ മാര്‍പാപ്പ എത്താറില്ല. മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാടുകളും വാര്‍ത്താപ്രധാന്യം നേടും.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്ററില്‍ പാപ്പാ പുറപ്പെടും. ഒന്നര മണിക്കൂറിന് ശേഷം ബോര്‍ഗോ എഗ്‌നാസിയ കായിക മൈതാനത്ത് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പാപ്പയെ സ്വാഗതം ചെയ്യും.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. മോഡിയെ കൂടാതെ യുഎസ്, കാനഡ ഉക്രെയ്ന്‍, ഫ്രാന്‍സ്, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.

ഉച്ചകോടിയെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും പ്രധാന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുക. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

മാര്‍പ്പാപ്പയെ ക്ഷണിച്ച ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോനി ഇത് തങ്ങളുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നും നിര്‍മിതബുദ്ധി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് ഈ ഉച്ചകോടിയിലേക്കുള്ള മികച്ച സംഭവനയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

പാരമ്പരാഗതരീതികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന ശീലമാണ് ഫ്രാന്‍സിസ് പാപ്പയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ജോ ബൈഡനോട് ഗാസയെക്കുറിച്ചും യുക്രെയ്ന്‍ പ്രസിഡന്റുമായി റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.