മഞ്ഞുരുകലിന്റെ നയ'തന്ത്ര'വുമായി ചൈന; ഓസ്‌ട്രേലിയയ്ക്ക് രണ്ട് പാണ്ടകളെ സമ്മാനമായി നല്‍കും

മഞ്ഞുരുകലിന്റെ നയ'തന്ത്ര'വുമായി ചൈന; ഓസ്‌ട്രേലിയയ്ക്ക് രണ്ട് പാണ്ടകളെ സമ്മാനമായി നല്‍കും

ബീജിങ്: ഓസ്‌ട്രേലിയയ്ക്ക് രണ്ട് പാണ്ടകളെ കൈമാറുമെന്ന വാഗ്ദാനവുമായി ചൈനീസ് പ്രീമിയര്‍ ലീ ക്വിയാങ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് മൃഗശാല സന്ദര്‍ശിച്ച വേളയിലാണ് ക്വിയാങ്ങിന്റെ പ്രഖ്യാപനം. നിലവില്‍ വാങ് വാങ്, ഫു നി എന്നീ രണ്ട് ചൈനീസ് പാണ്ടകള്‍ ഓസ്‌ട്രേലിയയിലെ ഈ മൃഗശാലയിലുണ്ട്. നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നല്‍കിയ ഇവയെ ഈ വര്‍ഷം അവസാനത്തോടെ ചൈനയ്ക്ക് മടക്കി നല്‍കണം.

അഡലെയ്ഡിലെ അവയുടെ 15 വര്‍ഷത്തെ താമസത്തിനിടയില്‍ കൃത്രിമ ബീജസങ്കലനം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നതില്‍ നിലവിലെ ജോഡികള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പകരമായാണ് ചൈന പുതിയ രണ്ട് പാണ്ടകളെ നല്‍കുക. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ചൈനീസ് നേതാവ് ഓസ്‌ട്രേലിയയിലെത്തുന്നത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ക്വിയാങ് ഓസ്‌ട്രേലിയയിലെത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ഭിന്നതയുടെ മഞ്ഞുരുക്കല്‍ കൂടിയാണ് ക്വിയാങ്ങിന്റെ വരവിന്റെ ലക്ഷ്യം. തെക്കന്‍ പസഫിക് ദ്വീപുകളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തോട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. മഹാമാരിയുടെ ഉത്ഭവം തേടി ചൈനയില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ വൈന്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയായിരുന്നു ചൈനയുടെ മറുപടി. 2022ല്‍ ആന്റണി ആല്‍ബനീസിയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടെയിലെ നയതന്ത്രബന്ധം മെച്ചപ്പെട്ട് തുടങ്ങിയത്.

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും ലീ ക്വിയാങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേ സമയം, സൗഹൃദത്തിന്റെ അടയാളമായി രാജ്യങ്ങള്‍ക്ക് പാണ്ടകളെ സമ്മാനിക്കുന്ന ചൈനയുടെ നയം 'പാണ്ട നയതന്ത്രം' എന്നാണ് അറിയപ്പെടുന്നത്. ചൈനയില്‍ മാത്രം സ്വാഭാവികമായി കാണപ്പെടുന്ന ജീവികളാണ് പാണ്ടകള്‍.

1941 മുതല്‍ 1984 വരെ ചൈനീസ് സര്‍ക്കാര്‍ പാണ്ടകളെ മറ്റ് രാജ്യങ്ങള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു. 1984ന് ശേഷം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നല്‍കുന്നു. ഏകദേശം 1,860 ജയന്റ് പാണ്ടകളാണ് ലോകത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവശേഷിക്കുന്നത്. ഏകദേശം 600 എണ്ണം വിവിധ പാണ്ട സെന്ററുകളിലും മൃഗശാലകളിലും പാര്‍ക്കുകളിലുമായി ജീവിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26