ഒരു കോടി രൂപ പിഴയും പത്ത് വര്‍ഷം തടവും: നീറ്റ്, നെറ്റ് പേപ്പര്‍ ചോര്‍ച്ച തടയാന്‍ നിയമം; വിജ്ഞാപനം പിറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഒരു കോടി രൂപ പിഴയും പത്ത് വര്‍ഷം തടവും: നീറ്റ്, നെറ്റ് പേപ്പര്‍ ചോര്‍ച്ച തടയാന്‍ നിയമം; വിജ്ഞാപനം പിറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതു പരീക്ഷാ ക്രമക്കേടുകള്‍ തടയല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടെയാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെ, പരീക്ഷ തന്നെ റദ്ദാക്കാന്‍ സാഹചര്യമുണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച അവധിക്കാല ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. അവധി കഴിഞ്ഞ് ജൂലൈ എട്ടിന് എല്ലാ ഹര്‍ജികളും ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ബെഞ്ച് പരിഗണിക്കും.

മെയ് അഞ്ചിന്റെ മെയിന്‍ പരീക്ഷ തന്നെ റദ്ദാക്കാന്‍ സാഹചര്യമുള്ളതിനാല്‍ പുനപരീക്ഷ തടയുന്നതില്‍ കാര്യമില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. 1,563 പേര്‍ക്കായി ഞായറാഴ്ച എന്‍.ടി.എ നടത്തുന്ന പുനപരീക്ഷയും ജൂലൈ ആറിന് തുടങ്ങുന്ന മെഡിക്കല്‍ കൗണ്‍സലിങും മാറ്റിവയ്ക്കണമെന്ന ഹര്‍ജികളില്‍ ഇടപെടാന്‍ ബെഞ്ച് വിസമ്മതിച്ചു. നിശ്ചയിച്ച കൗണ്‍സലിങ് നടത്തുമെന്നാണ് സര്‍ക്കാരിന്റെയും നിലപാട്.

കൗണ്‍സലിങ് അനുവദിക്കരുതെന്ന അഭ്യര്‍ത്ഥന നിരസിച്ച ജസ്റ്റിസ് ഭാട്ടി, അത് തുടര്‍പ്രക്രിയ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവേശന നടപടികള്‍ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ നീറ്റ്, നെറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദര്‍ യാദിവിന്റെ നേതൃത്വത്തില്‍ ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണിത്.

അതേസമയം കഴിഞ്ഞ ദിവസം റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷാ ചോദ്യപേപ്പറുകള്‍ ടെലിഗ്രാം ചാനലുകളില്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ വില്‍പനയ്ക്ക് വച്ചെന്നാണ് കണ്ടെത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ചാനലുകള്‍ ബ്‌ളോക്ക് ചെയ്‌തെന്ന് ടെലിഗ്രാം അറിയിച്ചു. ചോദ്യങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെ വിലയിട്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഡാര്‍ക് വെബ് ശൃംഖലയുമായി ബന്ധപ്പെട്ട മാഫിയകളാണ് ഇതിന് പിന്നില്‍. ഉതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.