പാലസ്തീനികള്‍ക്ക് ഓസ്ട്രേലിയയില്‍ വിസ അനുവദിക്കരുതെന്ന് പീറ്റര്‍ ഡട്ടണ്‍; ദേശീയ സുരക്ഷ അപകടത്തിലാകും

പാലസ്തീനികള്‍ക്ക് ഓസ്ട്രേലിയയില്‍  വിസ അനുവദിക്കരുതെന്ന് പീറ്റര്‍ ഡട്ടണ്‍; ദേശീയ സുരക്ഷ അപകടത്തിലാകും

കാന്‍ബറ: യുദ്ധമേഖലയായ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്ന പാലസ്തീനികള്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ഗാസയില്‍ നിന്നുള്ളവര്‍ക്കുള്ള സുരക്ഷാ പരിശോധന ദുര്‍ബലമാണെന്നും പീറ്റര്‍ ഡട്ടണ്‍ കുറ്റപ്പെടുത്തി.

ഓസ്ട്രേലിയ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹമാസിനെ പിന്തുണയ്ക്കുന്നവരും രാജ്യത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കുന്ന് വിവേകപൂര്‍മായ നടപടിയല്ലെന്നും സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പീറ്റര്‍ ഡട്ടണ്‍ വാദിച്ചു. പലായനം ചെയ്യുന്നവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകളില്‍ തനിക്ക് തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഏഴ് മുതല്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന പാലസ്തീനികള്‍ക്കായി പുതിയ വിസ സ്‌കീം അവതരിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

അതേസമയം, നിലവില്‍ ഗാസയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന മൂന്നില്‍ രണ്ട് ആളുകളുടെയും അപേക്ഷ നിരസിക്കപ്പെടുകയാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം 7,111 വിസ അപേക്ഷകളാണ് ഫെഡറല്‍ സര്‍ക്കാര്‍ നിരസിച്ചത്. അതേസമയം, പാലസ്തീന്‍ അതോറിറ്റിയുടെ യാത്രാ രേഖയുള്ള 2,922 പേര്‍ക്ക് വിസ അനുവദിക്കുകയും ചെയ്തു. ഗാസയില്‍ നിന്ന് ഓസ്ട്രേലിയയില്‍ എത്തിയവരുടെ എണ്ണം ഏകദേശം 1300ന് അടുത്താണ്.

നിരവധി അപേക്ഷകരും കുട്ടികളാണ്. അവരില്‍ മിക്കവര്‍ക്കും സന്ദര്‍ശക വിസ ലഭിച്ചിട്ടുണ്ട്. സന്ദര്‍ശക വിസകള്‍ കാലഹരണപ്പെട്ടാലും ഗാസയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അവരെ തിരിച്ചയക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനു വേണ്ടിയാണ് പുതിയ വിസ ക്രമീകരണം നടപ്പാക്കുന്നത്.

അതേസമയം, ആഭ്യന്തര സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനെതിരേ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണമാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി ഉന്നയിച്ചത്. വിഷയം സംബന്ധിച്ച് തങ്ങള്‍ ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) ഡയറക്ടര്‍ ജനറലില്‍ നിന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നും ഉപദേശം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗാസയില്‍ നിന്നുള്ള എല്ലാ വിസ അപേക്ഷകരും വിശദമായ സുരക്ഷാ പരിശോധനള്‍ക്ക് വിധേയമാകുന്നില്ലെന്ന (എഎസ്‌ഐഒ) ഡയറക്ടര്‍ ജനറര്‍ മൈക്ക് ബര്‍ഗെസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോഴുള്ള ആശങ്കകള്‍ക്ക് കാരണം. തന്റെ സ്ഥാപനത്തിലേക്കു റഫര്‍ ചെയ്യുന്ന അപേക്ഷകളുടെ സുരക്ഷാ പരിശോധന കൃത്യമായി വിലയിരുത്താറുണ്ടെന്ന് മൈക്ക് ബര്‍ഗെസ് പറഞ്ഞു. എന്നാല്‍ ചില അപേക്ഷകള്‍ കൃത്യമായി റഫര്‍ ചെയ്യപ്പെടാത്ത സന്ദര്‍ഭങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ആശങ്കയ്ക്കിടയാക്കുന്നത്.

ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന കാരണത്താല്‍ ഒരാളുടെ അപേക്ഷ തള്ളിക്കളയില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് വിവാദങ്ങള്‍ക്കു കാരണം.

'ഹമാസിനെ പിന്തുണയ്ക്കുന്ന ആരെയും ഓസ്ട്രേലിയയിലേക്കു സ്വാഗതം ചെയ്യുന്നില്ലെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് സെനറ്റര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ പറഞ്ഞു. ഗാസയില്‍ നിന്ന് പുറത്തുവരുന്ന ഓരോ വ്യക്തിയെയും എഎസ്‌ഐഒയിലേക്ക് റഫര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.