ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്കുള്ള യാത്ര; സംഘത്തിൽ മലയാളത്തിന്റെ മരുമകളും

ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്കുള്ള യാത്ര; സംഘത്തിൽ മലയാളത്തിന്റെ മരുമകളും

വാഷിങ്ടൺ ഡിസി: സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിന് (സ്പേസ് വോക്ക്) വേണ്ടിയുള്ള സംഘം ഓഗസ്റ്റ് 27 ന് ഭൂമിയിൽ നിന്ന് യാത്രതിരിച്ചേക്കും. നിരവധി പ്രത്യേകതകളുള്ള ഈ ദൗത്യം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണം നടത്തും.

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ പിന്തുണയോടെയാണ് ‘പൊലാരിസ് ഡോൺ’ ദൗത്യം നടപ്പാക്കുന്നത്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ദൗത്യം. അതേ സമയം തന്നെ ഏറെ അപകടം നിറഞ്ഞതുമാണ് യാത്ര. രണ്ട് വർഷം മുൻപ് സ്പേസ് എക്സ് പ്രഖ്യാപിച്ച ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഇവരുടെ യാത്ര.

സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരമുള്ള ദൗത്യം, നാസ പുതിയതായി രൂപകൽപന ചെയ്ത എസ്‌ക്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) സ്‌പേസ് സ്യൂട്ടുകൾ ബഹിരാകാശത്ത് പരീക്ഷിക്കുക, സ്റ്റാർലിങ്കിന്റെ ലേസർ അധിഷ്ടിത ആശയ വിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തുക എന്നതുൾപ്പടെ നിരവധി സവിശേഷതകൾ നിറഞ്ഞതാണ് സ്പേസ് എക്സിന്റെ ഈ അഭിമാന ദൗത്യം.

സ്പേസ് വാക്ക് ആണ് ഏറ്റവും ആകർഷകമായ സവിശേഷത. ഇതിനായി ഫാൽക്കൺ -9 റോക്കറ്റിൻ്റെ മുഴുവൻ ഡ്രസ് റിഹേഴ്സലുകളും സ്റ്റാറ്റിക് ഫയർ ടെസ്റ്റും പൂർത്തിയാക്കിയിട്ടുണ്ട്. പൊലാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേത് എന്ന നിലയിൽ, മനുഷ്യ ബഹിരാകാശ യാത്രാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഗ്രഹാന്തര യാത്രയ്ക്ക് വഴിയൊരുക്കുന്നതിനുമുള്ള സ്പേസ് എക്‌സിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.

ഗുരുതരമായ അർബുദ രോഗം നേരിടുന്ന കുട്ടികൾക്കായുള്ള സെന്റ് ജൂഡ് ചിൽഡ്രൻ ആശുപത്രിയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനും ദൗത്യം ലക്ഷ്യമിടുന്നുണ്ട്. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച യുഎസ് ശത കോടീശ്വരൻ ജരേദ് ഐസക്മാനാണ് യാത്ര സംഘത്തിന്റെ കമാൻഡർ. ഇദേഹം ഉൾപ്പടെ നാല് സഞ്ചാരികളാണ് പൊലാരിസ് ഡൗൺ ദൗത്യത്തിലുണ്ടാവുക. യുഎസ് വ്യോമസേനയിൽ നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണൽ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. ഇവർക്കൊപ്പം മിഷൻ സ്‌പെഷ്യലിസ്റ്റുകളായി സ്‌പേസ് എക്‌സ് എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരും ദൗത്യത്തിന്റെ ഭാഗമാവും.

സ്‌പേസ് എൻജിനീയർ ആയ അന്ന മേനോൻ ആയിരിക്കും യാത്രയുടെ പ്രധാന ദൗത്യങ്ങൾ പലതും കൈകാര്യം ചെയ്യുന്നത്. സ്‌പേസ് എക്‌സിൽ ലീഡ് സ്‌പേസ് ഓപ്പറേഷൻസ് എൻജിനീയറായ അന്ന മേനോൻ ഡെമോ 2, ക്രൂ 1, സിആർഎസ് 22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളിൽ പ്രവർത്തിച്ചു. ഏഴ് വർഷം നാസയിലും ജോലി ചെയ്തിട്ടുണ്ട്.

അന്നയുടെ ഭർത്താവ് മലയാളിയായ ഡോ. അനിൽ മേനോൻ സ്പേസ് എക്സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ ഫ്‌ളൈറ്റ് സർജൻ ആയിരുന്നു. കൺട്രോൾ പാനലിൽ ഇരുന്ന് യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറന്ന പരിചയവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.