ബെയ്റൂട്ട്: ലെബനനില്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് പേജറുകള്‍ രാജ്യത്തുടനീളം ഒരേസമയം പൊട്ടിത്തെറിച്ച വാര്‍ത്ത നടുക്കത്തോടെയാണ് ലോകം കേട്ടത്. സ്‌ഫോടനങ്ങളില്‍ 11 പേരെങ്കിലും കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിലും ഇതിനു പിന്നില്‍ ഇസ്രയേലും അവരുടെ ചാര സംഘടനയായ മൊസാദും ആണെന്നാണ് ആരോപിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30-നാണ് സ്ഫോടനങ്ങള്‍ ആരംഭിച്ചതെന്നും സംഘടനയ്ക്കുള്ളിലെ വിവിധ യൂണിറ്റുകളെയും സ്ഥാപനങ്ങളെയും ബാധിച്ചതായും ഹിസ്ബുള്ള അധികൃതര്‍ പറഞ്ഞു. തെക്കന്‍ ലെബനന്‍, ബെകാവാലി, ബെയ്റൂട്ട്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളില്‍ ഒരേസമയമാണ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചത്. വ്യാപകമായ പരിഭ്രാന്തിയും നാശവും സൃഷ്ടിച്ച സ്‌ഫോടനങ്ങള്‍ ഒരു മണിക്കൂറിലേറെയാണ് നീണ്ടുനിന്നത്.
സ്‌ഫോടനപരമ്പരയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായി നടത്തിവന്ന ആസൂത്രണമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം അതിവിദഗ്ധമായാണ് നടപ്പാക്കിയത്.
സുരക്ഷാ ഭീഷണി താരതമ്യേനെ കുറവാണു എന്നതാണ് ഹിസ്ബുള്ള സംഘം പേജറുകള്‍ ഉപയോഗിക്കാന്‍ കാരണം. ആധുനിക സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, പേജറുകള്‍ ഫിസിക്കല്‍ ഹാര്‍ഡ്വെയറിനെയും അടിസ്ഥാന സാങ്കേതികവിദ്യയെയും ആശ്രയിക്കുന്നതിനാല്‍ അവ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും കൂടുതല്‍ ബുദ്ധിമുട്ടാണ്.
ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്വാന്‍ നിര്‍മിത പേജറുകളാണ് പൊട്ടിത്തെറിച്ചത്. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന വയര്‍ലെസ് കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം അയ്യായിരത്തോളം പേജറുകള്‍ ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബോര്‍ഡ് പേജറുകള്‍ക്കുള്ളില്‍ സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബോര്‍ഡിന് കോഡുകള്‍ സ്വീകരിക്കാനും സാധിക്കും.
ഓരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതല്‍ രണ്ട് ഔണ്‍സ് (ഏകദേശം 30 മുതല്‍ 60 ഗ്രാം വരെ) സ്‌ഫോടകവസ്തുക്കളും വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി രണ്ട് സ്രോതസുകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
ഒരു തരത്തിലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത തരത്തിലാണ് പ്രവര്‍ത്തനമെന്നാണ് ലെബനീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഗോള്‍ഡ് അപ്പോളോ കമ്പനിയുടെ സ്ഥാപകന്‍ സു ചിങ്-ക്വാങ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. സ്ഫോടനപരമ്പരകളില്‍ ഉള്‍പ്പെട്ട പേജറുകള്‍ നിര്‍മിച്ചത് തങ്ങളല്ലെന്നാണ് അദ്ദേഹം പറയുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ ഒരു യൂറോപ്യന്‍ കമ്പനിയുടേതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബ്രാന്‍ഡ് ട്രേഡ്മാര്‍ക് അംഗീകാരം മാത്രമേ തങ്ങള്‍ നല്‍കുന്നുള്ളൂവെന്നും പേജറിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ പങ്കില്ലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.
ആക്രമണത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിക്കുന്നത്. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. ഇസ്രയേലിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.