കൊളംബോ: മരതക ദ്വീപില്‍ പുതുചരിത്രം കുറിച്ച് ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ദിസനായകെയെ തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമ സിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുര കുമാരയുടെ തിളക്കമാര്‍ന്ന വിജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.
നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര. 42.31 ശതമാനം വോട്ട് നേടിയാണ് ഇടത് നേതാവിന്റെ വിജയം. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി അനുര കുമാര തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ആദ്യത്തെ റൗണ്ട് വോട്ടെണ്ണലില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാരയ്ക്ക് 42. 3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) നേതാവും മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകള്‍ നേടി.
അതേസമയം റെനില്‍ വിക്രമ സിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മൂത്ത മകന്‍ നമല്‍ രാജപക്സെ 2.5 ശതമാനം വോട്ടാണ് നേടിയത്.
എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.
ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടാനായില്ലെങ്കിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് കടക്കേണ്ടത്. രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ മാത്രമേ രണ്ടാം റൗണ്ടില്‍ ഉണ്ടാകുകയുള്ളൂ.
പ്രതീക്ഷയുടെ യുവ രക്തം കണ്ടുപഴകിയ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി പ്രാക്ടിക്കല്‍ രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് ശ്രീലങ്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ദിസനായകെയെ വിലയിരുത്തുന്നത്. ചെറുപ്പകാലം മുതല്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞു വന്നതിന്റെ അനുഭവജ്ഞാനമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്.
ദിസനായകെയുടെ ചെറുപ്പകാലത്ത് തീവ്ര കമ്യൂണിസ്റ്റ് ചായ്വുള്ള പാര്‍ട്ടിയായിരുന്നു ജനത വിമുക്തി പെരമുന എന്ന ജെവിപി. പിന്നീട് പലകാരണങ്ങള്‍ കൊണ്ടും ആ തീവ്രത ഉപേക്ഷിച്ചു. സ്‌കൂള്‍ കാലം മുതല്‍ ജെവിപിയുടെ ആശങ്ങളില്‍ ആകൃഷ്ടനായിരുന്നു ദിസനായകെ. വിദ്യാഭ്യാസ കാലമാണ് അദേഹത്തിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്.
1995 ല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ എത്തി. 2000 മുതല്‍ പാര്‍ലമെന്റ് അംഗം കൂടിയാണ്. 2014 ല്‍ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസോടെയാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തിയത്. താന്‍ പിന്തുണയ്ക്കുന്നവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ വടിയെടുക്കാനും ദിസനായകെ മടികാണിച്ചില്ല.
1994 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗയെയാണ് അദേഹവും പാര്‍ട്ടിയും പിന്തുണച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായി അദേഹം മാറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.