പ്രേക്ഷക ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നൊരു സ്നേഹ കവിതയാണ് ‘സ്വർഗം’. പ്രേക്ഷകരെ നൊസ്റ്റാൾജിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.
മധ്യ തിരുവിതാകൂറിലെ അയൽക്കാരായ രണ്ട് ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. പലചരക്ക് കടക്കാരനായ പടിഞ്ഞാറേപ്പറമ്പിൽ ജോസൂട്ടിയും (അജു വർഗീസ്) ഭാര്യ സിസിലിയും (അനന്യ) അമ്മ സാറാമ്മയും (ലിസി കെ ഫെർണാണ്ടസ്) മക്കളായ ക്രിസ്റ്റോ, ക്രിസ്റ്റഫർ, ക്രിസ്റ്റീന എന്നിവർ അടങ്ങുന്ന ഇടത്തരം കുടുംബവും അമേരിക്കക്കാരനായ വർക്കിച്ചനും ( ജോണി ആന്റണി) ഭാര്യ ആനിയമ്മയും( മഞ്ജു പിള്ള) അടങ്ങുന്ന സമ്പന്നമായ മാളിയേക്കൽ കുടുബവുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ഈ അയൽക്കാരുടെ വീട്ടു വിശേഷങ്ങൾ നാടൻ തനിമ തെല്ലും ചോരാതെയാണ് അവതരിപ്പിയ്ക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയ് വർഗീസ്, ഡോ. ലിസി കെ ഫെർണാണ്ടസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി, തുടങ്ങിയ അഭിനേതാക്കളെല്ലാം തങ്ങളുടെ റോളുകൾ മനോഹരമാക്കി.
കാഴ്ചക്കാരെ മടിപ്പിക്കാതെ നമ്മൾ കണ്ടതോ അനുഭവിക്കുന്നതോ ആയ സംഭവങ്ങളാണിതെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മക്കൾ - മാതാപിതാക്കൾ, അയൽക്കാർ തുടങ്ങിയ ബന്ധങ്ങള്‍ പ്രേക്ഷകന് റിലേറ്റബിള്‍ ആയി അനുഭവപ്പെടുന്നത് അഭിനേതാക്കള്‍ പുലര്‍ത്തിയ സൂക്ഷ്മത കൊണ്ടു കൂടിയാണ്.
അവതരണ ശൈലിയിലും കഥാപരിസര - കഥാപാത്ര നിര്‍മിതികളിലും എല്ലാം ഫാമിലി ഡ്രാമകളുടെ വിന്റേജ് സത്യന്‍ അന്തിക്കാട് - സിബി മലയില്‍ കാലഘട്ടത്തെ ഏറെക്കുറേ ചിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്.
മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേ സംഗീതവും സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ രചനകളും വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരുടെ ആലാപനവും പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്.
എസ് ശരവണന്റെ സിനിമാറ്റോഗ്രഫിയും ഡോൺമാക്സിന്റെ ചിത്രസംയോജനവും സിനിമയുടെ സ്വഭാവത്തിനൊപ്പം ചേര്‍ന്ന് നിന്നപ്പോള്‍ സാങ്കേതികപരമായും നിലവാരമുള്ള സിനിമാനുഭവമായി മാറുന്നുണ്ട് 'സ്വർഗം'. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തീര്‍ത്തും സങ്കീര്‍ണത നിറഞ്ഞ, പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തെ ഏറെ ലളിതമായി, സുന്ദരമായി അവതരിപ്പിക്കുന്നതു കൊണ്ട് തന്നെ സമീപ വര്‍ഷങ്ങളിലിറങ്ങിയവയില്‍ ലക്ഷണമൊത്ത ഫാമിലി എന്റര്‍ടൈനര്‍ എന്ന വിശേഷണം 'സ്വർഗം' അര്‍ഹിക്കുന്നുണ്ട്. സ്നേഹവും കണ്ണീരണിയിക്കുന്ന ചില മുഹൂർത്തങ്ങളും കുഞ്ഞ് തമാശകളും ഒക്കെ ചേർന്നതാണ് സ്വർഗം. സിറ്റുവേഷണൽ കോമഡികൾ കൊണ്ടും ചിത്രം സമ്പന്നമാണ്.
സാധാരണക്കാരുടെ കഥ പറയുന്ന ഒരു ഫീൽ ഗുഡ് മൂവി എന്ന് ചിത്രത്തെ ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളോ, മാതാപിതാക്കളെ സ്നേഹിക്കുന്ന കുട്ടികളോ, സഹോദരങ്ങളെയും അയൽക്കാരയെും സ്നേഹിക്കുന്ന കൂടപ്പിറപ്പുകളോ ആണെങ്കിൽ നിങ്ങൾക്ക് ധൈര്യ സമേതം സ്വർഗം കാണാൻ ടിക്കറ്റടെുക്കാം...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.