ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം നഗരത്തില്‍ ഇസ്രയേലില്‍ നിന്നെത്തിയ യഹൂദ ഫുട്‌ബോള്‍ ആരാധകര്‍ക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി നഗരമധ്യത്തില്‍ അക്രമികള്‍ യഹൂദരെ ഓടിച്ചിട്ടു മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഇസ്രയേലികളെ കാണാതായതായും പത്തു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ യഹൂദരെ രക്ഷിക്കാന്‍ ഇസ്രേയേലി സര്‍ക്കാര്‍ രണ്ടു വിമാനങ്ങള്‍ അടിയന്തരമായി അയച്ചു. വിമാനങ്ങള്‍ ഇസ്രയേലില്‍ തിരിച്ചെത്തി.
ഇസ്രയേലിലെ മക്കാബി ടെല്‍ അവീവ് ഫുട്‌ബോള്‍ ക്ലബ്ബും നെതര്‍ലന്‍ഡ്‌സിലെ അജാക്‌സ് ആംസ്റ്റര്‍ഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. കളി കാണാനായി മൂവായിരത്തോളം യഹൂദര്‍ ആംസ്റ്റര്‍ഡാമിലെത്തിയിരുന്നു.
മത്സരത്തിനു മുമ്പ് മക്കാബി ആരാധകരും പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും പാലസ്തീന്‍ പതാക കീറിയെന്നും അറബ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മത്സരശേഷം ആംസ്റ്റര്‍ഡാം നഗരമധ്യത്തില്‍ യഹൂദരെ അക്രമികള്‍ ഓടിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകള്‍ പുറത്തുവന്നു. അക്രമികള്‍ ഇസ്രേയേലി വിരുദ്ധത മുഴക്കുന്നതു വീഡിയോയില്‍ വ്യക്തമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. യഹൂദരെ സുരക്ഷിതമായി ഹോട്ടലുകളിലെത്തിച്ചെന്ന് ആംസ്റ്റര്‍ഡാം നഗരാധികൃതര്‍ അറിയിച്ചു. 62 പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
യഹൂദവിരുദ്ധ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പ്രതികരിച്ചു. കുറ്റവാളികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവിന് ഉറപ്പുകൊടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ജൂതന്മാര്‍ക്ക് നേരെയുണ്ടായ നിന്ദ്യവും ക്രൂരവുമായ ആക്രമണമെന്നാണ് ജോ ബൈഡന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഇസ്രയേല്‍, ഡച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുള്ള ഡച്ച് ഭരണാധികാരികളുടെ നടപടിയെ അഭിനന്ദിക്കുന്നതായും ജോ ബൈഡന്‍ പറഞ്ഞു.
'ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും ക്രൂരവും. ജൂതന്മാര്‍ പീഡനത്തിനിരയായ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങളെയാണ് ഇത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജൂതവിരുദ്ധര്‍ക്കെതിരായ ഓരോ നീക്കങ്ങള്‍ക്കെതിരെയും പോരാടണം' ജോ ബൈഡന്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതിയും രംഗത്തെത്തി. ചരിത്രത്തിലെ ഇരുണ്ടതും ലജ്ജാകരവുമായ ദിവസമെന്നു ഓസ്ട്രിയന്‍ ആര്‍ച്ച് ബിഷപ്പും ഓസ്ട്രിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫ്രാന്‍സ് ലാക്‌നര്‍ വിശേഷിപ്പിച്ചു.
ഭയാനകമായ അടയാളമാണിതെന്നും ആര്‍ച്ച് ബിഷപ്പ് ലാക്‌നര്‍ പറഞ്ഞു. ഇസ്രയേലിലും പാലസ്തീനിലും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ലാക്‌നര്‍ ആഹ്വാനം ചെയ്തു. യഹൂദര്‍ക്കെതിരായ അക്രമം അനുവദിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന മതപരമോ രാഷ്ട്രീയമോ ആയ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു പ്രത്യയശാസ്ത്രത്തിനും സമൂഹത്തില്‍ സ്ഥാനമില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.