നീതിയുള്ളവരാകാൻ നിയമങ്ങൾ അനുസരിച്ചാൽ മാത്രം പോരാ തുറവിയോടും നിർബന്ധത്തോടുംകൂടെ സ്നേഹിക്കുന്നവരാകണം: മാർപാപ്പായുടെ ഞായറാഴ്ച സന്ദേശം

നീതിയുള്ളവരാകാൻ നിയമങ്ങൾ അനുസരിച്ചാൽ മാത്രം പോരാ  തുറവിയോടും നിർബന്ധത്തോടുംകൂടെ സ്നേഹിക്കുന്നവരാകണം: മാർപാപ്പായുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: യഥാർത്ഥ നീതിയിൽ ജീവിക്കണമെങ്കിൽ സുവിശേഷം നമ്മെ പഠിപ്പിക്കുന്നതുപോലെ നമുക്ക് വലിയ സ്നേഹം ആവശ്യമാണെന്ന് ഓർമപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. നിയമത്തിന് ആഴമേറിയ അർത്ഥം നൽകുന്നതും അതിൻ്റെ പൂർത്തീകരണവും ആത്യന്തികലക്ഷ്യവും സ്നേഹമാണെന്നും മാർപാപ്പ പറഞ്ഞു.

പതിവുപോലെ ത്രികാലജപ പ്രാർഥനയ്ക്ക് ഒരുക്കമായി ഞായറാഴ്ചത്തെ സുവിശേഷ വായനയെ അടിസ്ഥാനമാക്കി ധ്യാനചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. ദൈവരാജ്യത്തിൻ്റെ പുതിയ അനുഭവത്തിലേക്ക് പ്രവേശിക്കാൻ എപ്രകാരമാണ് യേശു നമ്മെ ക്ഷണിക്കുന്നത് എന്നതാണ് പരിശുദ്ധ പിതാവ് തൻ്റെ പ്രസംഗത്തിൽ വിശദീകരിച്ചത്.

സുവിശേഷഭാഗ്യങ്ങൾ പ്രഖ്യാപിച്ചതിനുശേഷം, മോശയുടെ നിയമത്തിന്റെ യഥാർത്ഥ അന്തസത്ത യേശു വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടത്. ദൈവത്തോടും നമ്മുടെ സഹോദരീസഹോദരന്മാരോടും ഉണ്ടാകേണ്ട സ്നേഹ ബന്ധത്തിലേക്കാണ് അത് നമ്മെ ക്ഷണിക്കുന്നത് - പാപ്പാ പറഞ്ഞു.

ഇക്കാരണത്താലാണ് യേശു ഇപ്രകാരം പറഞ്ഞത്: നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.(മത്തായി 5 : 17)നീതിയുള്ളവരാകണമെങ്കിൽ നിയമങ്ങൾ അനുസരിക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നാൽ പോരാ, പിന്നെയോ, തുറവിയോടും നിർബന്ധത്തോടുംകൂടെ സ്നേഹിക്കാനും നമുക്കു കഴിയണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

യേശു പഴയ നിയമത്തിലെ ചില കൽപനകൾ പരിശോധിക്കുകയും മതപരമായ ഔപചാരിക നിഷ്ഠകളും ദൈവരാജ്യത്തിന്റെ നീതിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി തരുകയും ചെയ്യുന്നതാണ് സുവിശേഷത്തിൽ നാം തുടർന്നു കാണുന്നത്. മോശയുടെ നിയമവും പ്രവാചകന്മാരും എപ്രകാരമാണ് നമുക്കും ചരിത്രത്തിനൊന്നാകെയും ദൈവത്തെയും അവിടുത്തെ പദ്ധതിയെയുംകുറിച്ച് അറിയാനുള്ള ഒരു മാർഗമാകുന്നത് എന്ന് ഇത് കാണിച്ചുതരുന്നതായി ലിയോ പാപ്പാ വിശദീകരിച്ചു.

യേശുവിൻ്റെ വ്യക്തിത്വത്തിലൂടെ ദൈവം തന്നെ നമ്മുടെ ഇടയിൽ സന്നിഹിതനാവുകയും നിയമം പൂർത്തിയാക്കുകയും ചെയ്തു. ഇതിലൂടെ, ദൈവപിതാവിന്റെ മക്കളും പരസ്പരം സഹോദരീസഹോദരന്മാരും ആകാനുള്ള കൃപ നമുക്കു ലഭിക്കുകയും ചെയ്തു. നിയമത്തിന്റെ എല്ലാ അനുശാസനങ്ങളിലും സ്നേഹിക്കാനുള്ള ഒരു ക്ഷണമുണ്ട് എന്ന കാര്യം നാം തിരിച്ചറിയണം. യഥാർത്ഥമായ നീതി അടങ്ങിയിരിക്കുന്നത് സ്നേഹത്തിലാണ് എന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.'അല്പമാത്രമായ നീതി പോരാ, വലിയ സ്നേഹമാണ് നമുക്ക് വേണ്ടത്' - യേശു നൽകിയ ഉദാഹരണങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

ദൈവരാജ്യത്തെ നന്നായി മനസ്സിലാക്കി, അത് നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന നീതിയിൽ ജീവിക്കാനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം അപേക്ഷിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.