റോം: 'കേരള ഫ്രാൻസിസ് സേവ്യർ' എന്ന് അറിയപ്പെട്ടിരുന്ന കപ്പൂച്ചിൻ സന്യാസ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ ഫ്രാൻസിസ് പാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തി. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററി പുറപ്പെടുവിച്ച ഡിക്രിക്ക് പാപ്പ അംഗീകാരം നൽകിയതോടെയാണിത്. ഫെബ്രുവരി 21 നാണ് വത്തിക്കാൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
1913 ജൂലൈ 20 ന് കോട്ടപ്പുറത്താണ് മൈക്കൽ എന്ന തെയോഫിൻ അച്ചൻ ജനിച്ചത്. വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച അദേഹം പിന്നീട് ഫ്രാൻസിസ് അസീസ്സിയുടെ ആത്മീയതയിൽ ആകൃഷ്ടനായി കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ ചേർന്നു. 1941 ഏപ്രിൽ 20 ന് വൈദികനായി അഭിഷിക്തനായി.
തന്റെ 55 വർഷത്തെ ജീവിതത്തിൽ 27 വർഷവും ഉഴിഞ്ഞുവെച്ചത് പൗരോഹിത്യ ശുശ്രൂഷകൾക്കായാണ്. മികച്ച പ്രസംഗകൻ, അധ്യാപകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദാരിദ്ര്യവും വിനയവും ജീവിതവ്രതമാക്കിയ വൈദികൻ വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിലും അവരെ ആത്മീയ പാതയിൽ നയിക്കുന്നതിലും സദാ സന്നദ്ധനായിരുന്നു.
ജീവിതത്തിന്റെ അവസാനത്തെ പത്തുവർഷം കൊച്ചി പൊന്നുരുന്നിയിലെ കപ്പൂച്ചിൻ ആശ്രമത്തിലായിരുന്നു ഫാ. തെയോഫിൻ ചിലവഴിച്ചത്. ഇന്നത്തെ പൊന്നുരുന്നി ആശ്രമവും വിശുദ്ധ പത്താം പീയൂസ് ദേവാലയവും പണിതുയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. ശാരീരിക അവശതകൾ അലട്ടുമ്പോഴും വിശ്വാസികളുടെ ആവശ്യങ്ങൾക്കായി അദേഹം എപ്പോഴും ഓടിയെത്തുമായിരുന്നു.
1968 ഏപ്രിൽ നാലിനാണ് നിത്യസമ്മാനത്തിനായി യാത്രയായത്. ജീവിതകാലത്തുതന്നെ 'പുണ്യാളനച്ചൻ' എന്ന് ജനങ്ങൾ വിളിച്ചിരുന്ന അച്ഛനെ 2001 ഏപ്രിൽ അഞ്ചിനാണ് വത്തിക്കാൻ 'ദൈവദാസനായി' പ്രഖ്യാപിച്ചത്. ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.