ഭീകരവാദത്തിനെതിരെ കൈകോർത്ത് ഇന്ത്യയും ഇസ്രയേലും; മോഡി സുഹൃത്തല്ല, സഹോദരനെന്ന് നെതന്യാഹു

ഭീകരവാദത്തിനെതിരെ കൈകോർത്ത് ഇന്ത്യയും ഇസ്രയേലും; മോഡി സുഹൃത്തല്ല, സഹോദരനെന്ന് നെതന്യാഹു

ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹമാസ് നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും ഉൾക്കൊള്ളുന്നുവെന്നും ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി. ഇസ്രയേൽ പാർലമെന്റായ കെനെസെറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ പ്രധാനമന്ത്രിക്ക് ടെൽ അവീവിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതിയായ 'സ്പീക്കര്‍ ഓഫ് നെസെറ്റ്' മെഡല്‍ നല്‍കി മോഡിയെ ആദരിച്ചു. ഇസ്രയേലിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഇസ്രയേല്‍ പാര്‍ലമെന്റില്‍ മോഡിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പാർലമെന്റ് അം​ഗങ്ങൾ എഴുന്നേറ്റ് നിന്നാണ് മോഡിക്ക് ആദരവ് നല്‍കിയത്.

നരേന്ദ്ര മോഡി വെറുമൊരു സുഹൃത്തല്ല, മറിച്ച് തന്റെ സഹോദരനാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ഇസ്രയേൽ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം ഇന്ത്യ ഒപ്പം നിന്നതിനെ അദേഹം നന്ദിയോടെ സ്മരിച്ചു. മോഡിയുടെ പ്രസംഗം കേൾക്കാൻ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റ് ബഹിഷ്കരിച്ചെങ്കിലും പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് മോഡിയെ സ്വാഗതം ചെയ്യുകയും അദേഹം ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പ്രതിരോധം, വാണിജ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും നിർണായക കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ മോഡിയുടെ ഈ സന്ദർശനം ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സ്വതന്ത്ര പാലസ്തീൻ എന്ന ഇന്ത്യയുടെ പാരമ്പര്യ നയം ചർച്ചകളിൽ മോഡി ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോഡി ഇത് രണ്ടാം തവണയാണ് രാജ്യത്ത് എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.