ന്യൂയോര്‍ക്ക്: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ചൂടേറിയ വാഗ്വാദം. ഇറാനെതിരായ കടുത്ത നടപടികളെയും ഉപരോധങ്ങളെയും അമേരിക്ക ന്യായീകരിച്ചപ്പോള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍ അമേരിക്കയാണെന്ന് റഷ്യയും ചൈനയും ആരോപിച്ചു.
ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഐക്യരാഷ്ട്രസഭാ ഉപരോധങ്ങള്‍ നിരീക്ഷിക്കുന്ന കമ്മിറ്റിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടയാന്‍ റഷ്യയും ചൈനയും ശ്രമിച്ചെങ്കിലും 15 അംഗ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ചര്‍ച്ചകള്‍ തുടരുന്നതിന് അനുകൂലമായി പതിനൊന്ന് രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് രാജ്യങ്ങള്‍ വിട്ടു നിന്നു.
റഷ്യയും ചൈനയും ഇറാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് യോഗത്തില്‍ ആരോപിച്ചു, എല്ലാ അംഗരാജ്യങ്ങളും ഇറാനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.
എല്ലാ യു.എന്‍ അംഗ രാജ്യങ്ങളും ഇറാനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണം. മിസൈല്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റവും വ്യാപാരവും നിരോധിക്കണം. അനുബന്ധ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിക്കണം. ഇറാന്റെ ആണവ, മിസൈല്‍, പരമ്പരാഗത ആയുധ പരിപാടികള്‍ ഉയര്‍ത്തുന്ന ഭീഷണി തടയുന്നതിനാണ് ഈ ഉപരോധങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് യു.എസ് പ്രതിനിധി പറഞ്ഞു.
എന്നാല്‍ ചൈനീസ് പ്രതിനിധി അമേരിക്കയെ കുറ്റപ്പെടുത്തി ഇതിനെതിരെ രംഗത്തു വന്നു. 'ഇറാന്‍ ആണവ പ്രതിസന്ധിയുടെ പ്രധാന പ്രേരകശക്തി അമേരിക്കയാണ്. ചര്‍ച്ചകളില്‍ ഇറാനെതിരെ അവര്‍ പരസ്യമായി ബലപ്രയോഗം നടത്തി, നയതന്ത്ര ശ്രമങ്ങള്‍ നിഷ്ഫലമാക്കി'- യു.എന്നിലെ ചൈനയുടെ പ്രതിനിധി ഫു കോങ് പറഞ്ഞു.
അതേസമയം ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി തന്റെ രാജ്യത്തിന്റെ ആണവ പദ്ധതിയെ ന്യായീകരിച്ചു. ഇറാന്റെ ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമാണെന്ന് അദേഹം അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.