സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷ: ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ സുപ്രധാന മാറ്റം

സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷ: ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ സുപ്രധാന മാറ്റം

ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്‌മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം.

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന്‍ വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആവാസ വ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ പ്രധാനമായും ദൈനംദിന പണമിടപാടുകള്‍ നടന്നു വരുന്നത്.

ഇത്തരം ഇടപാടുകളുടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചിട്ടുള്ളത്.

ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സെക്യൂരിറ്റി ലെയറുകള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത.

ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്‌മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം.

പാസ് വേഡ് അല്ലെങ്കില്‍ പാസ് ഫ്രെയ്‌സ്, വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍, വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്സ്, ബാങ്കിങ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ് വെയര്‍ ടോക്കണുകള്‍, ഹാര്‍ഡ് വെയര്‍ ടോക്കണുകള്‍, എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി എന്നിവയാണ് പുതിയ ഓതന്റിക്കേഷന്‍ മാര്‍ഗങ്ങള്‍.

ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോകണം എന്നാണ്. ഇത് അനധികൃത ആക്‌സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.

ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്.

ഡൈനാമിക് ഓതന്റിക്കേഷന്‍

പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന്‍ ആണ്.

ഈ സംവിധാനത്തിന് കീഴില്‍ ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന്‍ ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം.

ഉദാഹരണത്തിന്: ബയോമെട്രിക് സ്‌കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന്‍, ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ് വേഡ്

തട്ടിപ്പുകാര്‍ ഒരു ഘടകത്തിലേക്ക് (പിന്‍ പോലുള്ളവ) ആക്‌സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.