ടെഹ്റാന്‍: അമേരിക്കയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞതിന് പിന്നാലെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപില്‍ വന്‍ ആക്രമണം. ദ്വീപിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടന്നതായി ഇറാനിലെ അര്‍ധ ഔദ്യോഗിക മാധ്യമമായ മെഹര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയ്ക്കകം ഹോര്‍മുസ് തുറക്കുകയും വെടിനിര്‍ത്തല്‍ കരാറിലെത്തുകയും വേണമെന്നാണ് ഇറാനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച ഇറാന്‍ യു.എസ് നിര്‍ദേശം തള്ളിക്കളഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗില്‍ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദ്വീപിലെ എണ്ണ സംഭരണ ശാലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.
ഇവിടുത്തെ ഓയില്‍ ടെര്‍മിനലിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് വഴിയാണ് 90 ശതമാനം എണ്ണയും കയറ്റുമതി ചെയ്യപ്പെടുന്നത്.
ഇറാന്റെ ഊര്‍ജ സംവിധാനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ മേഖലയിലെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഐആര്‍ജിസിയുടെ മുന്നറിയിപ്പുണ്ട്. ഇതിന് മുന്‍പും ഖാര്‍ഗ് ദ്വീപിന് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നുവെങ്കിലും എണ്ണ സംഭരണ ശാലകളെ ലക്ഷ്യമിട്ടിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.