ഹോര്‍മുസില്‍ സമവായമായില്ല: ശനിയാഴ്ച ആരംഭിച്ച ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകള്‍ തുടരും

ഹോര്‍മുസില്‍ സമവായമായില്ല: ശനിയാഴ്ച ആരംഭിച്ച ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകള്‍ തുടരും

ഇസ്ലമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ 14 മണിക്കൂറുകള്‍ക്കൊടുവില്‍ താല്‍കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ അര്‍ധരാത്രി കഴിഞ്ഞും തുടരുകയായിരുന്നു. തര്‍ക്ക വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ചില വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാനുള്ള പ്രധാന കാരണം.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരാണ് ചര്‍ച്ചക്കായി അമേരിക്കന്‍ സംഘത്തില്‍ ഉള്ളത്. ഇറാനുവേണ്ടി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘമാണ് പങ്കെടുക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീര്‍ എന്നിവരാണ് മധ്യസ്ഥത വഹിക്കുന്നത്.

അതേസമയം ഫലം എന്ത് തന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചര്‍ച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മില്‍ കരാറിലെത്തുന്നുണ്ടോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും യുദ്ധത്തില്‍ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ച സൗഹൃദ അന്തരീക്ഷത്തില്‍ പുരോഗമിക്കുന്നുവെങ്കിലും ശുഭകരമായ വിവരങ്ങള്‍ ഇതുവരെ ഇല്ലെന്ന് ഇറാന്‍ ഏജന്‍സികളും വ്യക്തമാക്കി. നിയന്ത്രണങ്ങളോടെ ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിശദമാക്കിയത്. എന്നാല്‍ സൈനിക കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ഇറാന്‍ സ്വീകരിച്ചെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ഇസ്രയേല്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് നെതന്യാഹു ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവര്‍ നമ്മെ ശ്വാസം മുട്ടിക്കാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ നമ്മള്‍ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവെച്ച് നെതന്യാഹു പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.