വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് ചൈനീസ് കപ്പല്‍. 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് എണ്ണക്കപ്പലാണ് അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഹോര്‍മുസ് കടലിടുക്ക് കടന്നത്.
ഉപരോധം ആരംഭിച്ചതിനു ശേഷം കടലിടുക്ക് കടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എല്‍എസ്ഇജി, മറൈന്‍ ട്രാഫിക്, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് തവണയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തു കടക്കാന്‍ ഈ കപ്പല്‍ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തില്‍ വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഈ അസാധാരണ നീക്കങ്ങള്‍.
ഇതിനുമുമ്പ് 'ഫുള്‍ സ്റ്റാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023 ല്‍ തന്നെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കപ്പലിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാന്റൂണ്‍ ഷിപ്പിങ് കമ്പനിക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ ഹംറിയ തുറമുഖത്തു നിന്ന് കയറ്റിയ ഏകദേശം 2.5 ലക്ഷം ബാരല്‍ മെഥനോളാണ് കപ്പലിലുള്ളത്.
ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയ റിച്ച് സ്റ്റാറി ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പലിന് ചൈനീസ് ഉടമസ്ഥതയാണുള്ളതെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്ന് റേഡിയോ വഴി സന്ദേശം നല്‍കി. സമുദ്ര സുരക്ഷാ മാനദണ്ഡമെന്ന നിലയിലാണ് ഇത്തരം വിവരങ്ങള്‍ കൈമാറുന്നത്.
റിച്ച് സ്റ്റാറിയെ കൂടാതെ 'എല്‍പിസ്' എന്ന മറ്റൊരു കപ്പലും ഇതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ട്ട് കെമിക്കല്‍ എസ്.എയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ നേരത്തെ ഒരു ഇറാനിയന്‍ തുറമുഖത്ത് അടുത്തിരുന്നു.
അതിനിടെ ഉപരോധം നേരിടുന്ന 'മുരളി കിഷന്‍' എന്ന മറ്റൊരു ടാങ്കറും ഇന്ന് ഹുര്‍മുസ് ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിച്ചിട്ടുണ്ട്. റഷ്യന്‍, ഇറാനിയന്‍ എണ്ണ കടത്തുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ കപ്പല്‍. നിലവില്‍ കാലിയായ ഈ കപ്പല്‍ ഏപ്രില്‍ 16 ന് ഇറാഖില്‍ നിന്ന് ഇന്ധനം നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയുടെ ഉപരോധ നീക്കം ഊര്‍ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വന്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.