അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; നിര്‍ണായക ചര്‍ച്ചകള്‍ക്കായി പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്

 അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; നിര്‍ണായക ചര്‍ച്ചകള്‍ക്കായി പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ആക്രമണങ്ങള്‍ ലഘൂകരിക്കപ്പെട്ടതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. യുദ്ധം അവസാനിക്കുന്നതിന്റെ അടുത്തെത്തി. ആ രാജ്യം പുനര്‍ നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കൂടി അദേഹം അഭിമുഖത്തില്‍ പറഞ്ഞുവെച്ചു. ഇസ്ലമാബാദില്‍ ഇറാനും യു.എസും തമ്മില്‍ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ഇറാന്റെ ആണവ ശേഷികള്‍ നിര്‍വീര്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തില്‍ അദേഹം പറഞ്ഞു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ട്രംപ് രണ്ട് പ്രധാന നിബന്ധനകള്‍ കൂടി മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ നീക്കുക, ചര്‍ച്ചകളില്‍ തീരുമാനമെടുക്കാന്‍ ഇറാന്‍ സൈനിക വിഭാഗത്തിന്റെ പൂര്‍ണ സമ്മതം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും തമ്മിലുള്ള ഭിന്നത ചര്‍ച്ചകളെ ബാധിക്കരുതെന്നും യു.എസിന് നിര്‍ബന്ധമുണ്ട്. ചര്‍ച്ചകളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമാക്കാന്‍ ഐആര്‍ജിസിയുടെ പൂര്‍ണ പിന്തുണയുള്ള പ്രതിനിധികള്‍ തന്നെ എത്തണം. കഴിഞ്ഞ ചര്‍ച്ചകളില്‍ പങ്കെടുത്ത റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരായ അഹമ്മദ് വാഹിദിയും അലി അബ്ദുള്ളാഹിയും രാഷ്ട്രീയ പ്രതിനിധികളെ മറുപടി നല്‍കാന്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആഭ്യന്തര തര്‍ക്കങ്ങള്‍ കരാറിന് തടസമാകുമെന്ന ആശങ്കയിലാണ് അമേരിക്ക.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന രാഷ്ട്രീയ വിഭാഗം സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സൈനിക വിഭാഗത്തിന്റെ കടുത്ത നിലപാടുകളാണ് ഇതിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ രക്ഷിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിനോട് പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ഇതിനിടെ ഇറാന്‍ യു.എസ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നാല് ദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവടങ്ങളില്‍ ഷെഹബാസ് സന്ദര്‍ശനം നടത്തും. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

ട്രംപിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെയാണ് പാക് പ്രധാനമന്ത്രി രഹസ്യ നയതന്ത്ര നീക്കങ്ങളും സന്ദര്‍ശനങ്ങളും നടത്തുന്നതെന്നാണ് സൂചന. യു.എസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുന്നോടിയായി ഇരുപക്ഷത്തേയും വീണ്ടും ടേബിളിലേക്കെത്തിക്കാനാണ് നീക്കം. രണ്ടാം ഘട്ട ചര്‍ച്ച ഇസ്ലമാബാദില്‍ തന്നെ നടക്കുമെന്ന് ട്രംപ് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.