ഇറാന്റെ തുറമുഖങ്ങളില്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക; ചിത്രങ്ങള്‍ പുറത്തുവിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്

ഇറാന്റെ  തുറമുഖങ്ങളില്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക; ചിത്രങ്ങള്‍ പുറത്തുവിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്

വാഷിങ്ടണ്‍: ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്. ഇറാന്റെ തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള സമുദ്ര ഉപരോധത്തില്‍ പതിനായിരത്തിലധികം സൈനികരും പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നൂറിലധികം വിമാനങ്ങളും പങ്കുചേരുന്നുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള കപ്പലുകള്‍ നിലവില്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഒരു ചരക്കുകപ്പലിനെ യു.എസ് നാവിക സേന തടഞ്ഞ് മറ്റൊരു ദിശയിലേക്ക് തിരിച്ചു വിടുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്. യുഎസ് നാവിക സേനയുടെ യു.എസ്.എസ് മൈക്കല്‍ മര്‍ഫി എന്ന യുദ്ധക്കപ്പല്‍ മോട്ടോര്‍ വെസല്‍ മോളി എന്ന ചരക്ക് കപ്പലിനെയാണ് തടഞ്ഞത്.

കപ്പലിലെ ജീവനക്കാരെ ബന്ധപ്പെട്ട നാവികര്‍, ഉപരോധത്തിന്റെ കാര്യം അറിയിക്കുകയും മറ്റൊരു തുറമുഖത്തേക്ക് പോകാനായി ആവശ്യപ്പെടുകയും ചെയ്തു. അടുത്തുള്ള ഒരു തുറമുഖത്തേക്ക് കപ്പലിനെ അനുഗമിക്കുമെന്ന് അറിയിക്കുകയും തങ്ങളുമായി സഹകരിച്ചതിന് നന്ദി പറയുകയും ചെയ്തു.


പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലമാബാദില്‍ കഴിഞ്ഞയാഴ്ച ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഹോര്‍മുസ് പ്ലാനിന്റെ' ഭാഗമായാണ് ഈ നടപടി. ഉപരോധം വിജയകരമായി മുന്നോട്ട് പോകുകയാണെന്നും ഒരു കപ്പല്‍ പോലും യു.എസ് നാവികസേനയെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചിട്ടില്ലെന്നും മറിച്ച് ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം മാത്രമാണ് തടയുന്നതെന്നും യു.എസ് സേന വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഉപരോധം കര്‍ശനമായി തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.