പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നത് പതിനാല് ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഇന്ത്യന്‍ നാവിക സേന സുരക്ഷ ശക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് സേന കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാന്റെ തന്ത്രപ്രധാനമായ ലാറക് ഐലന്‍ഡിന് സമീപത്തുകൂടി സഞ്ചരിക്കരുതെന്നും നാവിക സേനയുടെ നേരിട്ടുള്ള നിര്‍ദേശം ലഭിച്ചാല്‍ മാത്രം യാത്ര തുടര്‍ന്നാല്‍ മതിയെന്നുമാണ് പുതിയ അറിയിപ്പ്. നിലവില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കാത്തു നില്‍ക്കുന്ന എല്ലാ ഇന്ത്യന്‍ കപ്പലുകളുടെയും സുരക്ഷയ്ക്കാണ് സേന മുന്‍ഗണന നല്‍കുന്നത്.
സംഘര്‍ഷഭരിതമായ ഈ സാഹചര്യത്തിലും പതിനൊന്ന് ഇന്ത്യന്‍ കപ്പലുകള്‍ ഇതിനോടകം സുരക്ഷിതമായി കടലിടുക്ക് കടന്നു. ഏപ്രില്‍ 18 ന് 'ദേശ് ഗരിമ' എന്ന ടാങ്കറാണ് അവസാനമായി മേഖല കടന്നത്.
എന്നാല്‍ ഇതേ ദിവസം തന്നെ 'ജഗ് അര്‍ണവ്', 'സന്‍മാര്‍ ഹെറാള്‍ഡ്' എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേന വെടിവെപ്പ് നടത്തുകയായിരുന്നു. നിലവില്‍ അറബിക്കടലിലെത്തിയ 'ദേശ് ഗരിമ'യ്ക്ക് നാവിക സേന അകമ്പടി സേവിക്കുന്നുണ്ട്. കപ്പല്‍ ഏപ്രില്‍ 22 ഓടെ മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെയും ഊര്‍ജ മേഖലയുടെയും കേന്ദ്രമായ ലാറക് ഐലന്‍ഡ് ഹോര്‍മുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ റഡാര്‍ സംവിധാനങ്ങളുടെയും ബങ്കറുകളുടെയും ശക്തമായ നിരീക്ഷണമുണ്ട്.
വേഗതയേറിയ ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കാന്‍ ശേഷിയുള്ള ഇറാന്റെ സൈനിക താവളങ്ങളും ഇവിടെ സജീവമാണ്. ലോകത്തെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും കടന്നു പോകുന്ന ഈ നിര്‍ണായക പാതയിലൂടെയുള്ള യാത്ര നിലവില്‍ അതീവ അപകടകരമായി തുടരുകയാണ്.
പതിനാലോളം ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കപ്പലുകളുമായി നാവിക സേന നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. സേനയുടെ പച്ചക്കൊടി ലഭിക്കാതെ മുന്നോട്ട് നീങ്ങരുതെന്നാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപമായി ഇന്ത്യന്‍ നാവിക സേനയുടെ ഏഴ് യുദ്ധക്കപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കടലിടുക്ക് കടന്നെത്തുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഈ യുദ്ധക്കപ്പലുകള്‍ സുരക്ഷാ അകമ്പടി ഉറപ്പാക്കുന്നുണ്ട്. മേഖലയിലെ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥ നാവിക സേന അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.