വിശ്വാസം അധികാരത്തിലേക്കുള്ള ഏണിയല്ല; മനുഷ്യത്വത്തിലേക്കുള്ള വഴിയാണ്

വിശ്വാസം അധികാരത്തിലേക്കുള്ള ഏണിയല്ല; മനുഷ്യത്വത്തിലേക്കുള്ള വഴിയാണ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തമ്മിലുള്ള നിലപാടുകളിലെ വൈരുദ്ധ്യം കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള വാക്‌പോരല്ല. മറിച്ച് ആത്മീയതയും രാഷ്ട്രീയവും തമ്മിലുള്ള മൗലികമായ ഏറ്റുമുട്ടലാണ്.

സമാധാന രാജാവായ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ മാര്‍പാപ്പ സ്വീകരിക്കുന്ന മനുഷ്യത്വപരമായ നിലപാടുകള്‍, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി വിശ്വാസത്തെ ആയുധമാക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നത് സ്വാഭാവികമാണ്.

അയല്‍ക്കാരനെ അവന്‍ ശത്രുവാണെങ്കില്‍ പോലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ വികാരിയാണ് മാര്‍പാപ്പമാര്‍. ജാതി, മത, വര്‍ഗ ഭേദമന്യേ അക്രമത്തെ എതിര്‍ക്കുക എന്നത് ക്രൈസ്തവ പ്രബോധനങ്ങളുടെ അന്തസത്തയാണ്. അതുകൊണ്ടു തന്നെ, 'അമിതമായ അക്രമത്തിന്' (Overwhelming violence) വേണ്ടി ബൈബിളിനെ കൂട്ടുപിടിക്കുന്ന ഭരണകൂട താല്‍പര്യങ്ങളെ തിരുത്താന്‍ മാര്‍പാപ്പയ്ക്ക് ബാധ്യതയുണ്ട്.

യുദ്ധത്തെ ദൈവഹിതമായി വ്യാഖ്യാനിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ, 'സമാധാന രാജാവായ യേശുവിനെ യുദ്ധത്തിന്റെ ന്യായീകരണത്തിന് ഉപയോഗിക്കാനാവില്ല; യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല' എന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ധീരമായ ക്രൈസ്തവ സാക്ഷ്യമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും തമ്മിലുള്ള വാക്‌പോര് ഇപ്പോള്‍ ഒരു പുതിയ നയതന്ത്ര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇറാനിലെയും വെനസ്വേലയിലെയും അമേരിക്കന്‍ സൈനിക ഇടപെടലുകളെ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

'ലിയോ മാര്‍പാപ്പ വിദേശ നയത്തില്‍ പരാജയമാണെന്നും, അദേഹം മാര്‍പാപ്പയായത് തന്റെ സ്വാധീനം കൊണ്ടാണെന്നും' ട്രംപ് അവകാശപ്പെടുമ്പോള്‍, സഭയുടെ ആത്മീയ ബോധ്യങ്ങളെ രാഷ്ട്രീയമായി വിലകുറച്ചു കാണാനാണ് അദേഹം ശ്രമിക്കുന്നത്.

എന്നാല്‍ തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടെ വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ, 'തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും സുവിശേഷത്തിന്റെ സമാധാന സന്ദേശം വിളിച്ചു പറയാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നുമാണ്' ലിയോ പതിനാലാമന്‍ മറുപടി നല്‍കിയത്.

ഒരു വശത്ത് സൈനിക ശക്തിയെയും രാഷ്ട്രീയ മേല്‍ക്കോയ്മയെയും ആരാധിക്കുന്ന ഭരണകൂടവും, മറുവശത്ത് യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് പ്രഖ്യാപിക്കുന്ന വത്തിക്കാനും തമ്മിലുള്ള ഈ പോരാട്ടം ആധുനിക ലോകത്ത് വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നു.

അധികാരത്തിലേക്കുള്ള തിരിച്ചു വരവിനായി 'പാത്ര-ദൈവശാസ്ത്രം' (Vessel Theology) പോലുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിക്കാട്ടി ട്രംപിനെ ഒരു 'ദൈവനിയോഗമായി' ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ബലഹീനതകളുള്ള ഒരു പാത്രമാണെങ്കിലും (flawed vessel) രാജ്യത്തെ രക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്തവനാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ആ വിശ്വാസത്തിന് ധാര്‍മികമായ അടിത്തറയുണ്ടോ എന്ന് സഭ ചോദിക്കുന്നു.

കുടിയേറ്റക്കാരോടും മറ്റ് രാജ്യങ്ങളോടും മാര്‍പാപ്പ കാണിക്കുന്ന കാരുണ്യം രാഷ്ട്രീയമായ പക്ഷപാതമല്ല, മറിച്ച് സാര്‍വ്വ ലൗകികമായ മാനവികതയാണ്. വിശ്വാസത്തെ രാഷ്ട്രീയ കൂറുമായി (Political loyalty) കൂട്ടിക്കുഴയ്ക്കുമ്പോള്‍ മതം ഒരു അധികാര ചട്ടുകമായി മാറുന്നു. അക്രമത്തെയും നുണയെയും മേല്‍ക്കോയ്മയെയും ന്യായീകരിക്കുന്ന ഒരു ക്രൈസ്തവതയ്ക്ക് യഥാര്‍ത്ഥ സുവിശേഷവുമായി ബന്ധമുണ്ടാകില്ല.

വിശ്വാസം എന്നത് അധികാരത്തിലേക്കുള്ള ഏണിയല്ല, മറിച്ച് മനുഷ്യത്വത്തിലേക്കുള്ള വഴിയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദൈവത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതും യുദ്ധത്തെ ന്യായീകരിക്കുന്നതും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നും ശത്രുവിനെപ്പോലും സ്‌നേഹിക്കണമെന്നുമുള്ള ക്രിസ്തുവിന്റെ ആഹ്വാനമാണ് മാര്‍പാപ്പ ഉയര്‍ത്തിപ്പിടിക്കുന്നത്.

അധികാരത്തിന്റെ ഭാഷയെക്കാള്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷയ്ക്ക് കരുത്തുണ്ടെന്ന് അദേഹം ലോകത്തെ ഓര്‍മിപ്പിക്കുന്നു. അനീതിയെയും അക്രമത്തെയും എതിര്‍ക്കുമ്പോള്‍ അത് കേവലം രാഷ്ട്രീയമല്ല, മറിച്ച് സുവിശേഷത്തിന്റെ സത്യസന്ധമായ സാക്ഷ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.