ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് സൂചന.
പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാന്‍സിസ്‌ക, ലൈബീരിയന്‍ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ എപാമിനോണ്ടാസ് എന്ന ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ യുഎഇലെ ജബല്‍ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് കപ്പല്‍ ട്രാക്കിങ് ഡാറ്റയില്‍ കാണിക്കുന്നത്.
രണ്ട് കപ്പലുകളും ഇറാനിയന്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പല്‍കൂടി ലക്ഷ്യമിട്ടതായി ഐആര്‍ജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എം.എസ്.സി ഫ്രാന്‍സിസ്‌ക ഇറാന്‍ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കല്‍ മൈല്‍ അകലെ, കടലിടുക്കില്‍ നിന്ന് പുറപ്പെട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് തെക്ക് ദിശയില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ഹോര്‍മുസ് കടലിടുക്കില്‍ ക്രമവും സുരക്ഷയും തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഈ രണ്ട് കപ്പലുകളും ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ചതെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഈ കപ്പലുകള്‍ രഹസ്യമായി ഹോര്‍മുസ് കടലിടുക്ക് വിട്ട് പുറത്തേക്ക് പോകാന്‍ ശ്രമിക്കവെയാണ് ഐആര്‍ജിസി നാവിക സേനയുടെ യൂണിറ്റുകള്‍ ഇവയെ കണ്ടെത്തി തടഞ്ഞത്. തന്ത്രപ്രധാനമായ കടലിടുക്കില്‍ ഇറാനിയന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് ഇറാന്റെ അവകാശവാദം.
കപ്പലുകളിലെ ചരക്കുകള്‍, രേഖകള്‍, മറ്റ് ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായി ഇവയെ ഇറാനിയന്‍ തീരദേശങ്ങളിലേക്ക് മാറ്റിയതായും ഐആര്‍ജിസി പ്രസ്താവനയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.