വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശേഷിയെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
താന്‍ എന്തിനാണ് ആണവായുധം പ്രയോഗിക്കുന്നത്? അത് ഇല്ലാതെ തന്നെ സാധാരണ രീതിയില്‍ തങ്ങള്‍ അവരെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞുവെന്ന് ആണവായുധ പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ആണവായുധങ്ങള്‍ ആരും തന്നെ ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്നതാണ് തന്റെ നിലപാടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഇറാന്‍ അവരുടെ ആയുധ ശേഖരം അല്‍പം വര്‍ധിപ്പിച്ചിട്ടുണ്ടാകാമെന്ന് ട്രംപ് നിരീക്ഷിച്ചു. എങ്കിലും അതൊക്കെ വെറും ഒരു ദിവസം കൊണ്ട് തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിലവില്‍ ഇല്ലാതായി കഴിഞ്ഞു. വെടിനിര്‍ത്തല്‍ സമയത്ത് അവര്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതൊക്കെ ഉടന്‍ ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി ദീര്‍ഘകാല സമാധാന കരാറിലെത്താന്‍ എത്രകാലം കാത്തിരിക്കും എന്ന ചോദ്യത്തിന് തന്നെ ധൃതിപ്പെടുത്തരുത് എന്നായിരുന്നു അദേഹത്തിന്റെ മറുപടി. തനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ ഒരു കരാറില്‍ ഒപ്പിടാം. എന്നാല്‍ അതില്‍ താല്‍പ്പര്യമില്ല. എന്നെന്നേക്കുമായി നിലനില്‍ക്കുന്ന ഒരു ശാശ്വത കരാറാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.