'യുദ്ധം ഇന്ത്യയിലടക്കം മൂന്ന് കോടി ജനങ്ങളെ പട്ടിണിയിലാക്കും; ക്ഷമിക്കുക, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല': നിസഹായരെന്ന് ഐക്യരാഷ്ട്ര സഭ

'യുദ്ധം ഇന്ത്യയിലടക്കം മൂന്ന്  കോടി ജനങ്ങളെ പട്ടിണിയിലാക്കും; ക്ഷമിക്കുക, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല': നിസഹായരെന്ന് ഐക്യരാഷ്ട്ര സഭ

ന്യയോര്‍ക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്ന് കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.

യുദ്ധ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് ഗതാഗതം തുടര്‍ച്ചയായി തടസപ്പെട്ടതു മൂലം ഇന്ധന, വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാര്‍ഷികോല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇത് ഈ വര്‍ഷത്തെ വിളവെടുപ്പിന് തിരിച്ചടിയാകുമെന്ന് യുഎന്‍ വികസന മേധാവി അലക്‌സാണ്ടര്‍ ഡി ക്രൂ പറഞ്ഞു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും തങ്ങള്‍ നിസഹായരാണെന്നും അദേഹം പ്രതികരിച്ചു.

ലോകത്തിലെ ആകെ വളത്തിന്റെ ഭൂരിഭാഗവും ഉല്‍പാദിപ്പിക്കപ്പെടുന്നത് മിഡില്‍ ഈസ്റ്റിലാണ്. ആഗോള വിതരണത്തിന്റെ മൂന്നിലൊന്ന് കടന്നു പോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയും. അതിനാല്‍ തന്നെ കടലിടുക്കിലെ ദീര്‍ഘകാല പ്രതിസന്ധി 'ആഗോള ഭക്ഷ്യ ദുരന്തത്തിന്' കാരണമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്എഒ) നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാന്‍, ടാന്‍സാനിയ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായിരിക്കും ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമാവുക എന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പില്‍ പറയുന്നത്.

'അതീവ ദുഖത്തോടെ ചിലരോടെനിക്കിത് പറഞ്ഞേ മതിയാവൂ, ക്ഷമിക്കുക, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല. സഹായം തേടി അതിജീവിക്കുന്ന ആളുകള്‍ക്ക് വൈകാതെ അതൊക്കെ നഷ്ടമാകും, കൂടുതല്‍ ദൗര്‍ബല്യങ്ങളിലേക്ക് അവര്‍ തള്ളപ്പെടും'- ഡി ക്രൂ വ്യക്തമാക്കി.

യുദ്ധം ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ജനതയെ കൂടുതലായി ബാധിക്കുമെന്നും ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നീ സംഘടനകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗ്ലോബല്‍ ജിഡിപിയുടെ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ ഇല്ലാതാക്കിയതായും ഡി ക്രൂ അഭിപ്രായപ്പെട്ടു. 'പതിറ്റാണ്ടുകള്‍ കൊണ്ട് വളര്‍ത്തിയെടുത്ത കാര്യങ്ങള്‍ തകര്‍ത്തു കളയാന്‍ അവര്‍ക്ക് വേണ്ടി വന്നത് വെറും എട്ട് ആഴ്ചകളാണെന്നും' അദേഹം വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.