'അമേരിക്കയില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ സാധ്യത കുറയുന്നു'; എച്ച് 1 ബി വിസ മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്താന്‍ നീക്കം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

'അമേരിക്കയില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ സാധ്യത കുറയുന്നു'; എച്ച് 1 ബി വിസ മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്താന്‍ നീക്കം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: അമേരിക്കക്കാരായ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എച്ച് 1 ബി വിസകള്‍ നല്‍കുന്നത് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചു.

'എച്ച് 1 ബി വിസ ദുരുപയോഗം തടയല്‍ നിയമം 2026' എന്ന പേരില്‍ അരിസോണയില്‍ നിന്നുള്ള എലി ക്രെയിന്‍ അവതരിപ്പിച്ച ബില്‍, നിലവിലെ വിസാ സമ്പ്രദായം പൂര്‍ണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.

വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭത്തിനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന യുഎസ് പൗരന്മാര്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിന്‍ പറഞ്ഞു.

ബ്രാന്‍ഡന്‍ ഗില്‍, പോള്‍ ഗോസര്‍, ആന്‍ഡി ഓഗിള്‍സ് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളുടെ പിന്തുണ ബില്ലിനുണ്ട്. നിലവില്‍ പ്രതിവര്‍ഷം അനുവദിക്കുന്ന 65,000 വിസകളുടെ എണ്ണം 25,000 ആയി കുറയ്ക്കണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദേശം.

നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയര്‍ന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവര്‍ഷം 2,00,000 ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) ആയി നിശ്ചയിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.

ഒരു ജോലി ചെയ്യാന്‍ യോഗ്യനായ അമേരിക്കന്‍ തൊഴിലാളിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് തൊഴിലുടമകള്‍ സാക്ഷ്യപ്പെടുത്തണമെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി സ്വദേശീയരായ തൊഴിലാളികളെ പിരിച്ചു വിട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എച്ച് 1 ബി വിസയുള്ളവര്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നതും തേര്‍ഡ് പാര്‍ട്ടി ഏജന്‍സികള്‍ വഴി വിദേശികളെ നിയമിക്കുന്നതും നിരോധിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.

വിസയുള്ളവര്‍ക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിനും ഗ്രീന്‍ കാര്‍ഡ് അഥവാ സ്ഥിര താമസത്തിന് അപേക്ഷിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ജോലി പരിചയം നേടാന്‍ സഹായിക്കുന്ന ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് പ്രോഗ്രാം നിര്‍ത്തലാക്കാനും നിര്‍ദേശമുണ്ട്.

അമേരിക്കക്കാരായ തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ കൂലിക്ക് വിദേശികളെ വയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.

സാങ്കേതിക വിദ്യ, എന്‍ജിനീയറിങ് മേഖലകളില്‍ വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ സഹായിക്കുന്നതാണ് എച്ച് 1 ബി വിസകള്‍. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായതിനാല്‍, ഈ നിയമം നടപ്പിലായാല്‍ അത് ഇന്ത്യന്‍ പ്രൊഫഷണലുകളെ വലിയ രീതിയില്‍ ബാധിക്കും.

തൊഴില്‍ വിപണിയിലെ വിടവ് നികത്താന്‍ ഈ വിസകള്‍ അനിവാര്യമാണെന്ന് വ്യവസായ ഗ്രൂപ്പുകള്‍ വാദിക്കുമ്പോഴും ഇത് തദ്ദേശീയരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നതാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.