മാലിയില്‍ ഭീകരാക്രമണം: പ്രധാന നഗരങ്ങളില്‍ സ്‌ഫോടന പരമ്പര; പിന്നില്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പെന്ന് സംശയം

മാലിയില്‍ ഭീകരാക്രമണം:  പ്രധാന നഗരങ്ങളില്‍ സ്‌ഫോടന പരമ്പര; പിന്നില്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പെന്ന് സംശയം

ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരാക്രമണ പരമ്പര. രാജ്യ തലസ്ഥാനമായ ബമാകോയിലും സേവാരെ, കിഡാല്‍, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങളുണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച രാവിലെയാണ് ആറിനായിരുന്നു സംഭവം.

ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു. ആളപായം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. നിലവില്‍ പോരാട്ടം തുടരുകയാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

പ്രാദേശിക സമയം രാവിലെ ആറിന് ബമാകോയ്ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി മിലിട്ടറി ബേസിന് സമീപം രണ്ട് ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായും പിന്നാലെ വെടിവെപ്പ് നടന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ കൂലിപ്പടയാളികള്‍ തമ്പടിച്ചിരിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്തെ റോഡുകള്‍ തടയുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, അല്‍-ഖൊയ്ദയുടെ പ്രാദേശിക വിഭാഗമായ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) ആണ് ഇതിന് പിന്നിലെന്നാണ് സൂചന.

2020 ലെയും 2021 ലെയും സൈനിക അട്ടിമറികള്‍ക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലി ഭരിക്കുന്നത്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ മാലി സര്‍ക്കാര്‍ പ്രധാനമായും റഷ്യന്‍ സൈന്യത്തെയാണ് ആശ്രയിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.