ഗാസ: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ നടക്കുന്ന ആദ്യത്തെ പ്രാദേശിക വോട്ടെടുപ്പാണ് ഇന്നലെ പൂര്‍ത്തിയായത്. ഏതാണ്ട് 50 ശതമാനം ആളുകള്‍ സമ്മതി ദാന അവകാശം വിനിയോഗിച്ചു.
യുദ്ധ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് വോട്ടെടുപ്പ് നടന്നത്. സെന്‍ട്രല്‍ ഗാസയിലെ ദെയര്‍ അല്‍ ബലാഹ് മേഖലയിലും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിലുമാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നത്. പാലസ്തീന്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ ഏകദേശം 70,000 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ഏഴിനാണ് അവസാനിച്ചത്. കര്‍ശന സുരക്ഷയില്‍ നടത്തിയ വോട്ടെടുപ്പില്‍ 50 ശതമാനം ആളുകള്‍ വോട്ടവകാശം വിനിയോഗിച്ചെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ശേഷം ബാക്കിയായ തടിപ്പെട്ടികളും മഷിയും ഉപയോഗിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.
നേരിട്ട് ഒരു പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും ഫത്ത, ഹമാസ് എന്നി പ്രധാന രാഷ്ട്രീയ ശക്തികളുമായി ബന്ധമുള്ളവര്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രാദേശിക നേതാക്കളും മത്സര രംഗത്തുണ്ടായിരുന്നു. പ്രാദേശിക പിന്തുണയും കുടുംബ-സാമൂഹിക സ്വാധീനവുമാണ് ഫലത്തില്‍ നിര്‍ണായകമാകാന്‍ സാധ്യത. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലും ഫത്ത സ്വാധീനമുള്ള വെസ്റ്റ് ബാങ്കിലുമുള്ള രാഷ്ട്രീയ വിഭജനം ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രാദേശിക ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനത്തിന്റെ പ്രധാന ഘട്ടമായാണ് പ്രാദേശിക വോട്ടെടുപ്പ് വിലയിരുത്തപ്പെടുന്നത്. മറ്റു മേഖലകളിലെ വോട്ടെടുപ്പ് സുരക്ഷാ സാഹചര്യങ്ങളും ഭരണ സംവിധാനത്തിന്റെ തയ്യാറെടുപ്പും അനുസരിച്ച് പിന്നീട് ഘട്ടങ്ങളായി നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.