ജറുസലേം: ക്രൈസ്തവ ലോകവുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ചരിത്രപരമായ നീക്കവുമായി ഇസ്രയേൽ. ഇതിനായി ചരിത്രത്തിൽ ആദ്യമായി ഒരു 'പ്രത്യേക പ്രതിനിധിയെ' ഇസ്രയേൽ സർക്കാർ നിയമിച്ചു. മുതിർന്ന നയതന്ത്രജ്ഞനായ ജോർജ് ഡീക് ആണ് ഈ സുപ്രധാന പദവിയിലേക്ക് നിയമിതനായത്. ഇസ്രയേലിന്റെ നയതന്ത്ര ചരിത്രത്തിലെ ആദ്യ ക്രൈസ്തവ അംബാസഡർ കൂടിയാണ് അദേഹം.
ജാഫയിലെ പ്രമുഖ അറബ് ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ജോർജ് ഡീക്കിന്‍ നയതന്ത്ര രംഗത്ത് 18 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ജാഫയിലെ ഓർത്തഡോക്സ് ക്രൈസ്തവ സമൂഹത്തിന്റെ അധ്യക്ഷനായിരുന്ന യുസഫ് ഡീക്കിന്റെ മകനാണ്. ഈസ്റ്റേൺ ഓർത്തഡോക്സ്, അർമേനിയൻ പാരമ്പര്യങ്ങൾ ഒരേപോലെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അദേഹം.
അസർബൈജാനിലെ ഇസ്രായേൽ അംബാസഡറായി സേവനമനുഷ്ഠിക്കവെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പുതിയ പദവിയിലേക്ക് അദേഹത്തെ എത്തിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്രയേൽ സൈന്യവും ക്രൈസ്തവ ആരാധനാലയങ്ങളും തമ്മിലുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ക്രൈസ്തവ ലോകവുമായുള്ള ബന്ധത്തിന് ഇസ്രയേൽ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളും ഇസ്രയേലും തമ്മിൽ കൂടുതൽ അടുത്ത ബന്ധം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് ജോർജ് ഡീക് പ്രതികരിച്ചു.
നിലവിൽ ഇസ്രയേലിലെ ജനസംഖ്യയുടെ 1.9 ശതമാനത്തോളം (ഏകദേശം 1,84,200 പേർ) ക്രൈസ്തവ വിശ്വാസികളാണ്. ആഗോളതലത്തിൽ ക്രൈസ്തവ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനൊപ്പം ആഭ്യന്തരമായ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനും പുതിയ പ്രതിനിധിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.