ഇറാൻ - യുഎസ് നയതന്ത്ര യുദ്ധം മുറുകുന്നു; ഉപരോധം കടുപ്പിച്ച് അമേരിക്ക; 38 കപ്പലുകളെ തിരിച്ചയച്ചു

ഇറാൻ - യുഎസ് നയതന്ത്ര യുദ്ധം മുറുകുന്നു; ഉപരോധം കടുപ്പിച്ച് അമേരിക്ക; 38 കപ്പലുകളെ തിരിച്ചയച്ചു

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച 38 കപ്പലുകളെ അമേരിക്കൻ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തു. ഈ കപ്പലുകളോട് ഒന്നുകിൽ വന്ന വഴി തിരിച്ചുപോകാനോ അല്ലെങ്കിൽ പുറപ്പെട്ട തുറമുഖത്തേക്ക് തന്നെ മടങ്ങാനോ യുഎസ് സെൻട്രൽ കമാൻഡ് കർശന നിർദേശം നൽകിയിട്ടുണ്ട്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ അദേഹം റഷ്യയിലേക്ക് തിരിച്ചു. എന്നാൽ അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാകിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെട്ടെന്ന് റദ്ദാക്കിയത് നയതന്ത്ര നീക്കങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അത് മതിയാകില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക. വെറുതെ സംസാരിച്ചിരിക്കാൻ ഇനി ദീർഘദൂര യാത്രകൾക്ക് തന്റെ ആളുകളെ അയക്കില്ലെന്നും യുദ്ധത്തിന്റെ എല്ലാ നിയന്ത്രണങ്ങളും അമേരിക്കയുടെ കൈകളിലാണെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ ഭീഷണികൾക്കോ ഉപരോധങ്ങൾക്കോ വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സമാധാനപരമായ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സമുദ്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

നേരത്തെ പാകിസ്ഥാനിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധികളും തമ്മിൽ നടന്ന ആദ്യഘട്ട ചർച്ചകളും യാതൊരു ഫലവുമില്ലാതെയാണ് അവസാനിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.