വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് നടത്തിയ പ്രഭാഷണങ്ങളും ആത്മീയ വിചിന്തനങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ പുസ്തകം "ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) പ്രകാശനം ചെയ്തു. മെയ് നാല് തിങ്കളാഴ്ച മുതൽ പുസ്തകം വിപണിയിൽ ലഭ്യമായി തുടങ്ങി.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രയോർ ജനറലായിരുന്ന കാലത്ത് റോബർട്ട് പ്രിവോസ്റ്റ് (ലിയോ പതിനാലാമൻ പാപ്പ) എഴുതിയ പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ, ധ്യാന വിചിന്തനങ്ങൾ എന്നിവയാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അദേഹത്തിന്റെ വിവിധ വിചിന്തനങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായാണ്.
അഗസ്റ്റീനിയൻ പാരമ്പര്യത്തിൽ അധിഷ്ഠിതമായ അദേഹത്തിന്റെ ആത്മീയതയെ വായനക്കാർക്ക് അടുത്തറിയാൻ ഈ പുസ്തകം അവസരമൊരുക്കുമെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാർപാപ്പയുടെ മുൻകാല ആത്മീയ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ കൃതി വിശ്വാസികൾക്കിടയിൽ വലിയ താൽപര്യമാണ് ഉണർത്തിയിരിക്കുന്നത്.
പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ ആദ്യ പ്രതി, നിലവിലെ പ്രയോർ ജനറൽ ഫാ. ജോസഫ് ഫാരൽ മാർപാപ്പയ്ക്ക് കൈമാറി. വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ ഫാ. റോക്കോ റോൺസാനി, വത്തിക്കാൻ പ്രസാധകകേന്ദ്രം എഡിറ്റോറിയൽ മേധാവി ലോറെൻസോ ഫാസിനി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളിൽ പുസ്തകം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.