വാഷിങ്ടണ്‍: കഴിഞ്ഞ മാസം വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രതി കോള്‍ തോമസ് അല്ലന്റെ ഇറാന്‍ യുദ്ധത്തോടുള്ള കടുത്ത വിയോജിപ്പാണ് കാരണമെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ കണ്ടെത്തല്‍.
ഏപ്രില്‍ 25 ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ ഈ വധശ്രമം രാജ്യത്ത് വലിയ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിക്ക് നിരവധി സാമൂഹികവും രാഷ്ട്രീയവുമായ പരാതികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇറാന്‍ സംഘര്‍ഷത്തിലെ യു.എസ് ഇടപെടലുകള്‍ക്കെതിരെ അല്ലന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിരന്തരമായ പോസ്റ്റുകള്‍ ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ച പ്രധാന ഘടകമായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ അല്ലന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എഫ്ബിഐ വിശദമായി പരിശോധിച്ച് വരികയാണ്.
ട്രംപിന് പുറമെ ഇലോണ്‍ മസ്‌ക്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇമിഗ്രേഷന്‍ നിയമങ്ങള്‍ എന്നിവയോടുള്ള പ്രതിയുടെ കടുത്ത വിയോജിപ്പ് ഇയാളുടെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് അല്ലന്‍ തന്റെ ബന്ധുക്കള്‍ക്ക് അയച്ച ഇമെയില്‍ ഒരു 'മാനിഫെസ്റ്റോ' ആയിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. നിലവിലെ ഭരണകൂടത്തിന്റെ നയങ്ങള്‍ ധാര്‍മ്മികമായി തെറ്റാണെന്നും അതിനെതിരെ പോരാടണമെന്നും ഇമെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.
വധ ശ്രമം, അനധികൃതമായി തോക്ക് കൈവശം വെയ്ക്കല്‍ എന്നി കുറ്റങ്ങള്‍ക്ക് പുറമെ ഒരു ഫെഡറല്‍ ഓഫീസറെ ആക്രമിച്ചെന്ന കുറ്റം കൂടി അല്ലനെതിരെ ചൊവ്വാഴ്ച ചുമത്തിയിട്ടുണ്ട്. സെക്യൂരിറ്റി ചെക്ക് പോസ്റ്റില്‍ വെച്ച് സീക്രട്ട് സര്‍വീസ് ഏജന്റിന് നേരെ ഇയാള്‍ വെടിവെച്ചിരുന്നതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.