ഹോര്‍മുസ് സംഘര്‍ഷം: കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഹോര്‍മുസ് സംഘര്‍ഷം: കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക സ്വദേശിയായ അല്‍താഫ് തലാബ് കെര്‍ ആണ് കൊല്ലപ്പെട്ടത്. ദുബായില്‍ നിന്ന് യമനിലേക്ക് ചരക്കുമായി പോയ കപ്പലിലണ് വെടിവെപ്പ് ഉണ്ടായത്.

'അല്‍ ഫൈസ് നൂര്‍ സുലൈമാനി' എന്ന കപ്പലിലെ 18 ജീവനക്കാരില്‍ ഒരാളായ അല്‍താഫ് ഹോര്‍മുസ് കടന്നതിന് പിന്നാലെ ഉണ്ടായ ഇറാന്‍ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. മറ്റ് 17 ജീവനക്കാരെ രക്ഷപ്പെടുത്തി പ്രേം സാഗര്‍ എന്ന മറ്റൊരു കപ്പലില്‍ വെള്ളിയാഴ്ച വൈകുന്നേരം ദുബായില്‍ എത്തിച്ചു. അല്‍താഫ് ഏകദേശം എട്ട് മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.

സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ കോണ്‍സുലേറ്റ്, കപ്പല്‍ ഉടമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് അറിയിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും പിന്തുണയും കോണ്‍സുലേറ്റ് ഉറപ്പ് നല്‍കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ യു.എസ് സേന നടത്തിയ ആക്രമണത്തിലും തിരിച്ചുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ഇന്ത്യന്‍ നാവികന്റെ ജീവന്‍ നഷ്ടപ്പെട്ടത്.

ഈ മേഖലയിലെ സംഘര്‍ഷം ആഗോള കപ്പല്‍ ഗതാഗതത്തെയും എണ്ണ വിതരണത്തെയും ബാധിച്ചതിനൊപ്പം നിരപരാധികളായ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.