പ്രാദേശിക തിരഞ്ഞെടുപ്പില്‍ പരാജയം; കെയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

പ്രാദേശിക തിരഞ്ഞെടുപ്പില്‍ പരാജയം; കെയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

ലണ്ടന്‍: ബ്രിട്ടണിലെ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് പ്രാദേശിക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തം.

ലേബര്‍ പാര്‍ട്ടിയുടെ എഴുപതിലധികം എംപിമാര്‍ കെയര്‍ സ്റ്റാര്‍മര്‍ രാജിവെക്കണ ആവശ്യവുമായി രംഗത്തെത്തി. കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തെ പരോക്ഷമായി ചോദ്യം ചെയ്ത് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എത്തിയതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ രാജി ആവശ്യം മുറുകുന്നത്.

വിദേശകാര്യ സെക്രട്ടറി വെറ്റെ കൂപ്പര്‍, ആഭ്യന്തര മന്ത്രി ഷബാന മഹ്‌മൂദ് എന്നിവര്‍ സ്റ്റാര്‍മറോട് അധികാരം കൈമാറ്റം ചെയ്യുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ മന്ത്രിമാരുടെ നാല് ഉപദേശകര്‍ രാജിവെക്കുകയും സ്റ്റാര്‍മറുടെ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടതായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങിന്റെ ഉപദേശകന്‍ ജോ മോറിസ് പറഞ്ഞപ്പോള്‍ സ്റ്റാര്‍മറിന് പാര്‍ട്ടിക്കുള്ളില്‍ മേല്‍ക്കൊയ്മ നഷ്ടപ്പെട്ടുവെന്നും അത് വീണ്ടെടുക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്‌നോള്‍ഡ്‌സിന്റെ ഉപദേശകനായ ടോം റുട്ട്‌ലാന്റ് പ്രതികരിച്ചു.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടതിനിടെയാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യം ശക്തമായത്. വെയില്‍സില്‍ 1999 ന് ശേഷം ആദ്യമായാണ് പാര്‍ലമെന്റിന്റെ നിയന്ത്രണം പാര്‍ട്ടിക്ക് നഷ്ടമായത്.

ഇരുപത്തേഴ് വര്‍ഷക്കാലം അധികാരത്തിലിരുന്ന ലേബര്‍ പാര്‍ട്ടിക്ക് ആകെയുള്ള 96 സീറ്റുകളില്‍ ഒന്‍പതിടത്ത് മാത്രമാണ് വിജയിക്കാനായത്. പ്ലെയ്ഡ് കംറി 43 സീറ്റുകള്‍ പിടിച്ചെടുത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ റിഫോം യുകെ 34 സീറ്റുകളിലും വിജയിച്ചു.

അതേസമയം രാജി ആവശ്യം തള്ളിയ കെയര്‍ സ്റ്റാര്‍മര്‍, തന്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പോരാട്ടം തുടരുമെന്ന നിലപാടിലാണ്. നീണ്ട 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചാണ് 2024 ജൂലൈയില്‍ കെയര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റത്.

അതേസമയം ലേബര്‍ പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ച്, പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ 81 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 81 എംപിമാരുടെ പിന്തുണ ആര്‍ജിക്കാന്‍ സ്റ്റാര്‍മറിനെ എതിര്‍ക്കുന്നവര്‍ക്ക് എളുപ്പമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.