പോർട്ട് ഓ പ്രിൻസ്: ആഭ്യന്തര യുദ്ധത്തിനും ക്രിമിനൽ സംഘങ്ങളുടെ അക്രമങ്ങൾക്കും മധ്യേ വിറങ്ങലിച്ചു നിൽക്കുന്ന ഹെയ്തിയിൽ ആയിരക്കണക്കിന് കുട്ടികൾക്ക് പുതുജീവിതം പകരുകയാണ് സിസ്റ്റർ പെയ്‌സി ക്ലെയർ. ലോകത്തിലെ ഏറ്റവും അപകടകരമായ ചേരികളിലൊന്നായ 'സിറ്റി സോലൈലിൽ' മരണത്തെ മുഖാമുഖം കണ്ടാണ് ഈ കത്തോലിക്ക സന്യാസിനി തന്റെ കാരുണ്യപ്രവർത്തനങ്ങൾ തുടരുന്നത്.
ഫ്രാൻസിലെ ലോറൈനിൽ ജനിച്ച പെയ്‌സി ക്ലെയർ മദർ തെരേസയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സന്യാസ വഴി തിരഞ്ഞെടുത്തത്. മിഷണറീസ് ഓഫ് ചാരിറ്റിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം ഹെയ്തിയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിളികേട്ടാണ് തന്റേതായ പുതിയ പാത അവർ വെട്ടിത്തുറന്നത്. 2017 ൽ പോർട്ട് ഓ പ്രിൻസ് അതിരൂപതയുടെ കീഴിൽ 'കിസിറ്റോ കുടുംബം' എന്ന സന്യാസ കൂട്ടായ്മയ്ക്ക് അവർ രൂപം നൽകി.
അക്രമം നിത്യസംഭവമായ ഹെയ്തിയിൽ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സിസ്റ്റർ പെയ്‌സിയും സംഘവും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അനാഥരുമായും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്കായി ഏഴ് അഭയകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. സുരക്ഷിതമായ താമസവും പരിചരണവും ഇവിടങ്ങളിൽ ലഭ്യമാക്കുന്നു.
ദാരിദ്ര്യത്തിന്റെ പിടിയിലായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി എട്ട് സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മാനസികവും ആത്മീയവുമായ വളർച്ച ലക്ഷ്യമിട്ട് മതബോധന കേന്ദ്രങ്ങളിലൂടെയും വിശ്വാസരൂപീകരണ പ്രവർത്തനങ്ങളിലൂടെയും പ്രത്യേക പരിശീലനവും പിന്തുണയും നൽകുന്നുണ്ട്.
സായുധ സംഘങ്ങളുടെ ആക്രമണം മൂലം വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികൾക്ക് ഇന്ന് ഏക ആശ്രയം സിസ്റ്റർ പെയ്‌സി സ്ഥാപിച്ച ഈ ഭവനങ്ങളാണ്. വെടിയൊച്ചകൾക്കും വിലാപങ്ങൾക്കും ഇടയിൽ ഭക്ഷണവും വിദ്യാഭ്യാസവും സ്നേഹവും നൽകി ഈ കുരുന്നുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് അവർ.
മരണത്തിന്റെ നിഴൽ വീണ ഹെയ്തിയിലെ തെരുവുകളിൽ അശരണരായ ഒരു ജനതയ്ക്ക് കരുണയുടെയും പ്രതീക്ഷയുടെയും മങ്ങാത്ത വെളിച്ചമായി സിസ്റ്റർ പെയ്‌സി ക്ലെയർ തന്റെ ദൗത്യം തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.