നീതിക്കായി ശബ്ദമുയർത്തിയതിന് നാടുവിടേണ്ടി വന്നു; അമേരിക്കയിൽ പുതിയ ജീവിതവുമായി നിക്കരാഗ്വൻ വൈദികൻ

നീതിക്കായി ശബ്ദമുയർത്തിയതിന് നാടുവിടേണ്ടി വന്നു; അമേരിക്കയിൽ പുതിയ ജീവിതവുമായി നിക്കരാഗ്വൻ വൈദികൻ

വാഷിങ്ടൺ: സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവന്റെ വേദനയും, നീതിക്ക് വേണ്ടി നിലകൊണ്ടതിന്റെ അഭിമാനവുമായി ഒരു നിക്കരാഗ്വൻ വൈദികൻ ഇന്ന് അമേരിക്കയിൽ പുതിയൊരു ജീവിതം പടുത്തുയർത്തുന്നു. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയതോടെ രാജ്യം വിടേണ്ടി വന്ന ഈ പുരോഹിതൻ തന്റെ പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കരുതി ഇന്നും അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നു.

2018 ൽ നിക്കരാഗ്വയിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായാണ് അടിച്ചമർത്തിയത്. ഇന്റർ-അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് കണക്കുകൾ പ്രകാരം 350 ലധികം ജീവനുകൾ അന്ന് പൊലിഞ്ഞു.

ആ കറുത്ത നാളുകളിൽ പരിക്കേറ്റ യുവാക്കൾക്ക് വൈദികൻ അഭയം നൽകിയതും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതുമാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. യുവാക്കളെ വഴിതെറ്റാതിരിക്കാൻ സഹായിക്കുക എന്നതായിരുന്നു തന്റെ ദൗത്യമെന്ന് വൈദികൻ ഓർമ്മിക്കുന്നു.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തന്റെ പ്രസംഗങ്ങളിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതോടെ വിശുദ്ധ കുർബാനയ്ക്കിടെ പോലും ചാരന്മാർ അദേഹത്തെ നിരീക്ഷിക്കാൻ തുടങ്ങി. "ഇടവക വൃത്തിയാക്കാൻ എന്ന വ്യാജേന എത്തിയവർ പോലും സർക്കാർ ചാരന്മാരായിരുന്നു. പള്ളിയിൽ ആര് വരുന്നു, പുരോഹിതൻ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം," വൈദികൻ വെളിപ്പെടുത്തി.

ഒരിക്കൽ തന്നെ തിരഞ്ഞെത്തിയ അക്രമികളിൽ നിന്ന് തന്റെ മാതാവിനെ രക്ഷിച്ചത് പള്ളിയിലെ വളർത്തുനായ്ക്കളാണെന്നും യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യത്തിലാണ് താൻ കഴിഞ്ഞിരുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

2024 ൽ അമേരിക്കയിൽ എത്തിയ വൈദികൻ ശൂന്യതയിൽ നിന്നാണ് തന്റെ ജീവിതം പുനരാരംഭിച്ചത്. എല്ലാം നഷ്ടപ്പെട്ട പ്രവാസിയുടെ വേദനയുണ്ടെങ്കിലും പൗരോഹിത്യ ശുശ്രൂഷ തുടരാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ. നിക്കരാഗ്വയിലെ തന്റെ പ്രിയപ്പെട്ട ജനതയെയും സഭയെയും ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് മറ്റൊരു നാട്ടിൽ തന്റെ പോരാട്ടം തുടരുകയാണ് ഈ പൗരോഹിതൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.