മസ്‌കറ്റ്: ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പലിനുനേരെ ആക്രമണം. ഗുജറാത്തില്‍ നിന്നുള്ള കപ്പലിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഒമാന്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പലിനുനേരെയുണ്ടായ ആക്രമണം സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.
ഗുജറാത്തിലെ ദ്വാരക ജില്ലയിലെ സലയ തുറമുഖത്താണ് കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ സൊമാലിയയില്‍ നിന്ന് ഷാര്‍ജയിലേക്ക് കന്നുകാലികളുമായി പോകുമ്പോഴാണ് ആക്രമണം നടന്നത്.
ഒമാന്റെ വടക്കന്‍ തീരമായ ലിമയ്ക്ക് സമീപമെത്തിയപ്പോള്‍ കപ്പലില്‍ മിസൈല്‍ പോലുള്ളതെന്തോ പതിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടാവുകയും കടലില്‍ മുങ്ങുകയുമായിരുന്നു.
ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ ക്രൂ അംഗങ്ങളെയും ദീബ തുറമുഖത്ത് സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് കപ്പല്‍ ഉടമ സുല്‍ത്താന്‍ അഹമ്മദ് സംഘര്‍ അറിയിച്ചു.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ അസ്വീകാര്യമെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 'വാണിജ്യ കപ്പല്‍ ഗതാഗതത്തെയും സിവിലിയന്‍ നാവികരെയും ഇപ്പോഴും ലക്ഷ്യമിടുന്നതില്‍ ഖേദിക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയ ഒമാന്‍ അധികൃതരോട് നന്ദി അറിയിക്കുന്നു'- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിരപരാധികളായ കപ്പല്‍ ജീവനക്കാരെ അപകടത്തിലാക്കുന്നതും നാവിഗേഷന്‍, വാണിജ്യ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതുമായ നടപടികള്‍ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.