ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് മോഡിക്ക് യുഎഇയില്‍ ഉജ്വല സ്വീകരണം; ഊര്‍ജ മേഖലയില്‍ രണ്ട് ധാരണാ പത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു

ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് മോഡിക്ക് യുഎഇയില്‍ ഉജ്വല സ്വീകരണം; ഊര്‍ജ മേഖലയില്‍ രണ്ട് ധാരണാ പത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു

പ്രവാസി ക്ഷേമവും പ്രധാന ചര്‍ച്ചാ വിഷയമായി.

അബുദാബി: യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. എല്‍പിജി ഉള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള ധാരണാ പത്രങ്ങളില്‍ ഇരുവരും ഒപ്പിട്ടു. ഇന്ത്യയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളും യുഎഇ പ്രഖ്യാപിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജ സംരക്ഷണം, പ്രവാസി ക്ഷേമം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാന ചര്‍ച്ചാ വിഷയമായി. തുടര്‍ന്നാണ് രണ്ട് പ്രധാന ധാരണാ പത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

എല്‍പിജിയുമായും തന്ത്രപ്രധാന പെട്രോളിയം ശേഖരവുമായും ബന്ധപ്പെട്ട മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണപത്രങ്ങള്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ധനവടക്കമുള്ള പ്രതിസന്ധി നേരിടുന്ന ഇന്ത്യയില്‍ ഊര്‍ജ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ കരാറുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനുപുറമേ തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള ഒരു ചട്ടക്കൂടിനും ഇന്ത്യയും യുഎഇയും അംഗീകാരം നല്‍കി. ഗുജറാത്തില്‍ ദ്വാരക ജില്ലയിലെ വാഡിനാറില്‍ കപ്പല്‍ അറ്റക്കുറ്റപ്പണിക്കായുള്ള കേന്ദ്രം സ്ഥാപിക്കാനും ഇരുരാജ്യങ്ങളും ധാരണപത്രം ഒപ്പിട്ടു.

സമ്മാന്‍ കാപ്പിറ്റല്‍, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎഇക്ക് നേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ നരേന്ദ്ര മോഡി അപലപിച്ചു.

യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണുമായി അദേഹം കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച നോര്‍വെയില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും മോഡി പങ്കെടുക്കും. ചൊവ്വാഴ്ച ഇറ്റലിയിലെത്തുന്ന അദേഹം പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

അബുദാബിയിലെത്തിയ പ്രധാനമന്ത്രിക്ക് ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ച് ഗംഭീര സ്വീകരണമാണ് യുഎഇ ഒരുക്കിയത്. മോഡിയുടെ ബോയിങ് 777-300 ഇ.ആര്‍ വിമാനത്തെ യുഎഇ വ്യോമ സേനയുടെ എഫ് 16 ബ്ലോക്ക് 60 ഡെസേര്‍ട്ട് ഫാല്‍ക്കണ്‍ ജെറ്റുകളാണ് അനുഗമിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.