മൊഗാദിഷു: സോമാലിയയിൽ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സമാധാനപരമായി പ്രതികരിച്ച നഴ്സിങ് ബിരുദധാരി സാദിയ മോലിം അലി (27) നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതകൾ. 'സെല്ലുല ഡെല്ല മോർട്ടെ' (മരണ അറ) എന്ന് വിളിക്കപ്പെടുന്ന എഞ്ചിൻ ഓയിലും വിസർജ്യങ്ങളും നിറഞ്ഞ ഇടുങ്ങിയ മുറിയിലാണ് ഈ യുവതിയെ അധികൃതർ തടവിലാക്കിയിരിക്കുന്നത്.
ഒരു കുഞ്ഞിന്റെ അമ്മയും കുടുംബത്തിന്റെ ഏക അത്താണിയുമായ സാദിയ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. സർക്കാർ തലത്തിലെ അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ശബ്ദമുയർത്തിയതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഏപ്രിൽ 12 ന് അറസ്റ്റ് ചെയ്യപ്പെട്ട സാദിയയെ പിന്നീട് കാത്തിരുന്നത് കൊടിയ മർദനമുറകളായിരുന്നു.
"പുരുഷ ഗാർഡുകൾ ചേർന്ന് വിവസ്ത്രയാക്കി തറയിൽ കിടത്തി മർദിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് നിരന്തരം അടിക്കുകയും ചെയ്തു. രണ്ട് ദിവസം ഭക്ഷണം നൽകാതെ പൂട്ടിയിട്ടു. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചില്ല." തടവറയിൽ താൻ നേരിട്ട ഭീകരതയെക്കുറിച്ച് സാദിയ വെളിപ്പെടുത്തി.
നിലവിൽ 38 സ്ത്രീകൾക്കൊപ്പം വായു സഞ്ചാരമില്ലാത്ത മുറിയിൽ കഴിയുന്ന സാദിയയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. കടുത്ത വൃക്ക രോഗവും ശരീരത്തിന്റെ മരവിപ്പും അവരെ അലട്ടുന്നുണ്ട്. സാദിയയുടെ തടവ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഒരു യുവതിയുടെ ശബ്ദത്തെപ്പോലും ഭരണകൂടം ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. 2022 മുതൽ സോമാലിയയിൽ ആക്ടിവിസ്റ്റുകൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ നടക്കുന്ന ആസൂത്രിതമായ അടിച്ചമർത്തലിന്റെ ഒടുവിലത്തെ ഇരയാണ് സാദിയ.
തന്റെ അവകാശങ്ങൾ തിരികെ വേണമെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നും ജയിലറയ്ക്കുള്ളിൽ നിന്ന് ഈ യുവതി ലോകത്തോട് അപേക്ഷിക്കുമ്പോൾ സോമാലിയയിലെ മനുഷ്യാവകാശ നിലവാരം വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.